ടെക്സസ്: കോപ്പ അമേരിക്ക ടൂർണമെന്റിൽ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ഉറുഗ്വേയ്ക്ക് വിജയം. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഉറുഗ്വേ മൂന്നാം സ്ഥാനക്കാരായത്. ഇസ്മായേൽ കോൺ, ജൊനാഥൻ ഡേവിഡ് എന്നിവർ കനേഡിയൻ സംഘത്തിനായി ഗോൾ നേടി. ഉറുഗ്വേയ്ക്കായി റോഡ്രിഗോ ബെൻ്റാൻകുറും ലൂയിസ് സുവാരസും വലചലിപ്പിച്ചു.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഉറുഗ്വേ സംഘം മുന്നിലെത്തി. എട്ടാം മിനിറ്റിൽ ബെൻ്റാൻകുർ വലചലിപ്പിച്ചു. ഗോൾ വീണതോടെ കനേഡിയൻ സംഘം ഉണർന്ന് കളിക്കാൻ തുടങ്ങി. 19, 20 മിനിറ്റുകളിൽ റിച്ചി ലാരിയ ഇരട്ട അവസരങ്ങൾ സൃഷ്ടിച്ചു. 22-ാം മിനിറ്റിൽ കാനഡ സമനില നേടി. കോർണർ കിക്കിൽ നിന്ന് ലഭിച്ച പാസ് ബൈസിക്കിൾ കിക്കിലൂടെ ഇസ്മായേൽ കോൺ വലയിലാക്കി. തൊട്ടുപിന്നാലെ ഫകുണ്ടോ പെലിസ്ട്രി ഉറുഗ്വേയ്ക്കായി വലചലിപ്പിച്ചെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി. ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മത്സരിച്ചു.രണ്ടാം പകുതിയിൽ ഉറുഗ്വേയ്ക്കായി ലൂയിസ് സുവാരസ് കളത്തിലെത്തി. 80-ാം മിനിറ്റിൽ ഉറുഗ്വേ ഗോൾകീപ്പറുടെ സേവ് റീബൗണ്ടിൽ ജൊനാഥൻ ഡേവിഡ് വലയിലാക്കി. മത്സരത്തിൽ മുന്നിലെത്തിയ കാനഡ കോപ്പയിൽ മൂന്നാം സ്ഥാനം ആഗ്രഹിച്ചു. എന്നാൽ 92-ാം മിനിറ്റിൽ ലൂയിസ് സുവാരസിന്റെ ഇടം കാൽ ഷോട്ട് വലയിലെത്തിയതോടെ മത്സരം സമനിലയായി.പിന്നാലെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഇവിടെ കാനഡ ഉറുഗ്വേ എടുത്ത നാല് കിക്കുകളും വലയിലാക്കി. എന്നാൽ കാനഡ രണ്ട് കിക്കുകൾ പാഴാക്കിയതോടെ ഷൂട്ടൗട്ടിൽ 4-3ന് ഉറുഗ്വേ മത്സരം വിജയിച്ചു.