ബെർളിൻ: ഈ യൂറോ കപ്പിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ച താരങ്ങളിൽ ഒരാളാണ് സ്‌പെയിനിൻറെ റയിറ്റ് വിംങ്ങറായ ലാമിൻ യമാൽ. ടൂർണമെൻറിലെ മികച്ച യുവതാരം എന്ന നേട്ടവുമായാണ് യമാൽ നാട്ടിലേക്ക് മടങ്ങുന്നത്. സെമിയിൽ ഫ്രാൻസിന് ഷോക്ക് ട്രീറ്റ്‌മെൻറ് നൽകിയാണ് യമാൽ ഈ യൂറോ കപ്പിൽ കളം നിറഞ്ഞത്. മത്സരത്തിൻറെ 21-ാം മിനിറ്റിൽ പെനൽറ്റി ഏരിയയ്ക്ക് തൊട്ടുപുറത്തു നിന്ന് തൊടുത്ത ഷോട്ട് ലക്ഷ്യം കാണുമ്‌ബോൾ, നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മെന്യാന് കഴിഞ്ഞുള്ളൂ. ലോകകപ്പിലും യൂറോ കപ്പിലുമായി ഏറ്റവും പ്രായം കുറഞ്ഞ ഗോൾ അടിക്കാരനായി യമാൽ. മറികടന്നത് സാക്ഷാൽ പെലൈയുടെ റെക്കോർഡിനെ. 16 വയസ്സും 362 ദിവസവും പ്രായമുള്ളപ്പോഴാണ് യമാലിൻറെ ഈ നേട്ടം.
ആദ്യ മത്സരത്തിൽ ക്രൊയേഷ്യയ്‌ക്കെതിരെ ഇറങ്ങിയപ്പോൾ യൂറോയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡും യമാൽ തൻറെ പേരിലാക്കിയിരുന്നു. സ്‌പെയിൻറെ അപരാജിത യാത്രയ്ക്ക് ഈ പതിനേഴുകാരൻ നൽകിയ സംഭാവനകൾ ചെറുതല്ല. ഫൈനലിൽ നിക്കോ വില്യംസ് ഗോൾ നേടിയത് യമാലിൻറെ പാസിലായിരുന്നു. ഇതോടെ ഒരു ഗോളും നാല് അസിസ്റ്റുകളുമാണ് റൈറ്റ് വിങ്ങർ ലാമിൻ യമാലിൻറെ ഈ ടൂർണമെൻറിൻറെ സമ്ബാദ്യം. യമാൽ… ഈ പേര് ഓർത്തുവെച്ചോള്ളൂ, ഭാവിയിൽ ഗാലറികൾ ആവേശത്തോടെ ഈ പേര് ആർത്ത് വിളിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.