രോഹിത്തിന് പകരം ഇന്ത്യൻ ക്യാപ്റ്റൻ മുംബൈയിൽ നിന്ന് തന്നെ; പക്ഷേ, മുംബൈയുടെ ക്യാപ്റ്റൻ അല്ല ഇന്ത്യയുടെ ക്യാപ്റ്റൻ; നിർണ്ണായക തീരുമാനവുമായി കോച്ചും ചീഫ് സിലക്ടറും

മുംബയ്: രോഹിത് ശർമ്മ വിരമിച്ച ഒഴിവിൽ ട്വന്റി 20 ഫോർമാറ്റിൽ ഹാർദിക് പാണ്ഡ്യയെ നായക സ്ഥാനത്തേക്ക് പരിഗണിക്കില്ല. പകരം, മുംബൈ ഇന്ത്യൻസിൽ നിന്ന് തന്നെയാകും ഇന്ത്യൻ നായകൻ എന്ന് ഉറപ്പായിട്ടുണ്ട്. ചീഫ് സെലക്ടർ അജിത് അഗാർക്കർ, മുഖ്യപരിശീലകൻ ഗൗതം ഗംഭീർ എന്നിവർ തമ്മിൽ നടന്ന ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായി. നിലവിൽ ഉപനായകനായ ഹാർദിക് നായക സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും ആ സ്ഥാനത്തേക്ക് മറ്റൊരു താരത്തേയാണ് പരിഗണിക്കുന്നത്. ട്വന്റി 20 ഫോർമാറ്റിലെ ലോക രണ്ടാം നമ്ബർ ബാറ്റർ സൂര്യകുമാർ യാദവിനെ 2026 വരെ നായകനാക്കാനാണ് ധാരണയെന്നാണ് സൂചന.

Advertisements

നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന കാര്യം ഗംഭീറും അഗാർക്കറും പാണ്ഡ്യയെ അറിയിച്ചുവെന്നാണ് വിവരം. നേരത്തെ തന്നെ സെലക്ടർമാരിൽ ഒരുവിഭാഗത്തിന് ഹാർദിക്കിനെ നായകനാക്കുന്നതിനോട് വിയോജിപ്പുണ്ടായിരുന്നു. സ്ഥിരമായി പരിക്ക് പറ്റി മാറി നിൽക്കുന്ന താരമെന്നതാണ് ഇതിന് കാരണം. അതോടൊപ്പം തന്നെ ടീമിലെ ഒരു വിഭാഗം താരങ്ങൾക്ക് ഹാർദിക് നായകനാകുന്നതിനോട് താത്പര്യമില്ലായിരുന്നു. സൂര്യയുടെ പേരിനോട് എല്ലാവർക്കും താത്പര്യമുണ്ടായിരുന്നു.33കാരനായ സൂര്യകുമാർ യാദവിന്റെ കീഴിൽ 2026ലെ ലോകകപ്പിന് ടീമിനെ ഒരുക്കുകയെന്നതാണ് പദ്ധതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതോടൊപ്പം തന്നെ ഏകദിനത്തിലും ടെസ്റ്റിലും രോഹിത് ശർമ്മ തുടർന്നും ടീമിനെ നയിക്കും. ഹാർദിക് ഏകദിന ഫോർമാറ്റിൽ കളിക്കുന്നുണ്ട്. അങ്ങനെയൊരു താരത്തെ ട്വന്റി 20 ടീമിന്റെ നായകനാക്കിയാൽ അത് ടീമിന്റെ ഒത്തിണക്കത്തെ ബാധിക്കുമെന്ന കാര്യവും ചർച്ചയായി. ഏകദിന ലോകകപ്പിൽ മോശം പ്രകടനം കാഴ്ചവച്ച സൂര്യ പക്ഷേ ഈ ഫോർമാറ്റിൽ മിന്നും ഫോമിലാണ് എല്ലാക്കാലത്തും കളിച്ചിട്ടുള്ളത്. താരത്തെ ഇനി ഏകദിന ടീമിലേക്ക് പരിഗണിക്കാൻ സാദ്ധ്യതയുമില്ല.

2022ലെ ടി20 ലോകകപ്പിന് ശേഷം രോഹിത് ശർമ്മ ഈ ഫോർമാറ്റിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത് ഈ വർഷം ആദ്യമായിരുന്നു. അതിനിടെയുള്ള ഇടവേളയിൽ ഹാർദിക് ആണ് ടീമിനെ നയിച്ചത്. എന്നാൽ ഏകദിന ലോകകപ്പിനിടെ ഹാർദിക് പരിക്കേറ്റ് പുറത്തിരിക്കുകയും ഏകദിന ലോകകപ്പ് ഫൈനൽ തോൽവിക്ക് ശേഷം രോഹിത്ത് ഇടവേളയിൽ ആയിരിക്കുകയും ചെയ്തപ്പോൾ ടീമിനെ നയിച്ചത് സൂര്യയാണ്.

നായകനായുള്ള ആദ്യ പരമ്ബരയിൽ ഓസ്‌ട്രേലിയയെ 4-1ന് ആണ് സൂര്യയുടെ നേതൃത്വത്തിൽ ഇന്ത്യ കെട്ടുകെട്ടിച്ചത്. ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടിൽ സൂര്യക്ക് കീഴിൽ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ചീഫ് സെലക്ടർ അജിത് അഗാർക്കർ, രോഹിത് ശർമ്മ, വിരാട് കൊഹ്ലി, പരിശീലകൻ ഗംഭീർ എന്നിവരുമായുള്ള അടുത്ത ബന്ധം സൂര്യക്ക് തുണയായിരുന്നു. എന്നാൽ ഹാർദിക്കിന്റെ ഫിറ്റ്‌നെസ് , ഫോം എന്നിവയിലെ സ്ഥിരതയില്ലായ്മ നായകസ്ഥാനത്തിന് പരിഗണിക്കപ്പെടുന്നതിന് തടസ്സമാണെന്നതാണ് സൂര്യക്ക് നറുക്ക് വീഴാനുള്ള കാരണമെന്നാണ് റിപ്പോർട്ടുകൾ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.