ബംഗളൂരു : കർണാടകയില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ കന്നഡ സംവരണം വരുന്നു. സ്വകാര്യസ്ഥാപനങ്ങളില്‍ കർണാടക സ്വദേശികള്‍ക്ക് സംവരണം നല്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. കർണാടകയിലെ വ്യവസായസ്ഥാപനങ്ങളിലും മറ്റ് സ്വകാര്യസ്ഥാപനങ്ങള്‍ക്കുമാണ് സംവരണച്ചട്ടം ബാധകമാകുക. 50% മാനേജ്മെന്റ് പദവികളിലും 75% നോണ്‍ മാനേജ്മെന്റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാർശ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികള്‍ക്ക് കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളു എന്നും ബില്ലിലുണ്ട്. പ്യൂണ്‍, സ്വീപ്പർ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുള്ളത്. ഇപ്പോള്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കും. കർണാടകയില്‍ റജിസ്റ്റർ ചെയ്ത കച്ചവടസ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കുമാണ് ചട്ടം ബാധകമാകുക.