ചാരുംമൂട് : ആലപ്പുഴ കരിമുളയ്ക്കലില്‍ കാർ വാഷ് സ്ഥാപനത്തിനു മുന്നില്‍ മരം കടപുഴകി വീണു. സ്ഥാപനത്തില്‍ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ക്ക് നാശനഷ്ടമുണ്ടായി. അപകട ഭീഷണിയായി നിന്ന മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നല്‍കിയിരുന്നെങ്കിലും പരിഗണിച്ചില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലാണ് തിരക്കേറിയ കെ.പി റോഡിന് സമീപം നിന്നിരുന്ന മരം കടപുഴകി കാർ വാഷ് സ്ഥാപനത്തിന്റെ മുന്നിലേക്ക് വീണത്. ഈ സമയം അവിടെ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ക്ക് മുകളിലേക്കാണ് മരത്തിന്റെ ശിഖരങ്ങള്‍ പതിച്ചത്.
തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരം വെട്ടിമാറ്റിയത്. മരം റോഡിലേക്ക് വീണിരുന്നെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നു. വാഹനങ്ങളുടെ തിരക്കുള്ള സമയത്തായിരുന്നു മരം വീണത്. മരം അപകട ഭീഷണി ഉയർത്തുന്നുണ്ടെന്നും ശിഖരങ്ങള്‍ മുറിച്ചുനീക്കണമെന്നും കാട്ടി കാർവാഷ് ഉടമ എ നാസറുദീൻ രണ്ടു മാസം മുമ്ബ് കെഎസ്ടിപി അധികൃതർക്ക് പരാതി നല്‍കിയിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല.