കോട്ടയം: കൊടൂരാറ്റിൽ നാട്ടകം – പള്ളം ഭാഗത്ത് നഞ്ച് കലക്കി മീൻ പിടുത്തം വ്യാപകം. കൊറോണയിൽ ആളുകൾ വലയുമ്പോഴാണ് കൊടുംക്രൂരത നാട്ടുകാരോട് മീൻ പിടുത്തക്കാർ കാട്ടുന്നത്. രാത്രിയുടെ മറവിലാണ് കൊടൂരാറ്റിൽ സാമൂഹ്യ വിരുദ്ധ സംഘം നഞ്ച് കലക്കുന്നത്. ഇതോടെ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങും. ഇതിൽ ഒരു വിഭാഗം മീനുകൾ മാത്രം പിടിച്ചെടുത്തിട്ട് ബാക്കിയുള്ള മീനുകൾ ആറ്റിൽ ഒഴുകി നടക്കുകയാണ്. ഇത് പ്രദേശവാസികൾക്ക് ആകെ ദുരിതമായി മാറിയിട്ടുണ്ട്.
ആറ്റിൽ ആകെ മീനുകൾ ചത്തുപൊങ്ങിയതിനാൽ സാധാരണക്കാരായ ആളുകൾ ഏരെ ദുരിതത്തിലാണ്. പ്രദേശത്തെ സ്ത്രീകൾ അടക്കമുള്ളവർ കൊടൂരാറ്റിലെ കടവുകളെയാണ് വേനൽക്കാലത്ത് ആശ്രയിക്കുന്നത്. എന്നാൽ, ഈ കടവുകളിൽ മീനുകൾ ചത്തു പൊങ്ങുന്നത് പ്രദേശത്ത് വൻ ദുർഗന്ധത്തിനും അസ്വാഭാവികമായ സാഹചര്യത്തിനും വെള്ളം മലിനമാകുന്നതിനും ഇടയാക്കുന്നുണ്ട്. എന്നാൽ, മീനുകൾ ചത്തുപൊങ്ങുന്നതിനാൽ പ്രദേശത്തെ ആളുകൾക്ക് ഇപ്പോൾ വെള്ളം ഉപയോഗിക്കാൻ പോലും സാധിക്കുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻപ് മാസങ്ങളോളം ഇത്തരത്തിൽ മീനുകളെ നഞ്ച് കലക്കി പിടികൂടുന്നത് വ്യാപകമായിരുന്നു. ഇതേ തുടർന്നു നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഇതുവരെയും നാട്ടുകാർ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ആറ്റിൽ നഞ്ച് കലക്കുന്നത് ശക്തമായിരിക്കുന്നത്. ഇതിനിടെ ഈ സാഹചര്യത്തിൽ മീൻ പിടുത്തക്കാരെ തടയുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്നു മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് വരമ്പിനകം ആവശ്യപ്പെട്ടു.