ചേർത്തല: മലയാളിയുടെ ഗൃഹാതുര മനസ് തൊട്ടുണർത്തുന്ന താരാട്ട് പാട്ടിന്റെ ഉപജ്ഞാതാവ് ഇരയിമ്മൻ തമ്പി ജനിച്ച വാരനാട് നടുവിലേല്‍ കോവിലകത്തിന്റെ പകുതി ഭാഗം തകർന്നു വീണു. വർഷങ്ങള്‍ക്ക് മുമ്ബ് ഏറ്റെടുത്ത പുരാവസ്തു വകുപ്പും, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തും തുടങ്ങി മറ്റ് ഭരണ നേതൃത്വവും ഇരയിമ്മൻ തമ്ബിയോടും കോവിലകത്തോടും അവഗണന കാട്ടിയെന്ന് ആരോപിച്ച് കോവിലകം സ്മാരക സമിതി അംഗങ്ങള്‍ രംഗത്തെത്തി. കഴിഞ്ഞ ഒരു മാസം മുമ്ബാണ് എട്ടുകെട്ടായ കോവിലകത്തിന്റെ വടക്കേ ഭാഗമാണ് കാലപഴക്കത്താല്‍ തകർന്നുവീണത്. പിന്നീട് മഴയും വെയിലുമേറ്റ് നശിക്കുകയാണ്. അവസാന അവകാശിയായ രുഗ്മിണി ഭായി തമ്ബുരാട്ടിയുടെ ആശ്രിതയായ അംബിക (57) യാണ് മൂന്ന് പതിറ്റാണ്ടിലേറെയായി കോവിലകം നിലവില്‍ കാത്തുസൂക്ഷിക്കുന്നത്.
ചേർത്തല വാരനാട് നടുവിലെ കോവിലകത്ത് കേരള വർമ്മ തമ്ബാന്റെയും തിരുവനന്തപുരത്ത് പുതുമന രാജകുടുംബത്തിലെ പാർവതിപിള്ള തങ്കച്ചിയുടെയും മകനായി 1782 ഒക്ടോബർ 12 നാണ് ഇരയിമ്മൻ തമ്ബി ജനിച്ചത്. റാണി ഗൗരി ലക്ഷ്മി ഭായിയുടെ ആവശ്യപ്രകാരം. കുട്ടിയായിരുന്ന സ്വാതിതിരുനാളിനെ ഉറക്കുവാനായിട്ടാണ് ‘ഓമന തിങ്കള്‍ കിടാവോ നല്ല’ എന്ന താരാട്ട് പാട്ട് ഇരയിമ്മൻ തമ്ബി എഴുതി ഈണം നല്‍കിയത്. 14 വയസുവരെ ചേർത്തല വാരനാട് കോവിലകത്തായിരുന്നു കഴിഞ്ഞത്. പിന്നീട് അനന്തപുരിയിലേയ്ക്ക് പോകുകയും 1856 ജൂലൈ 29ന് 74-ാം വയസില്‍ അന്തരിച്ചു എന്നതുമാണ് ചരിത്രം. പിന്നീട് അനാഥമായ എട്ട് കെട്ടായ വാരാട് കോവിലകം പിൻമുറക്കാരുടെ അവകാശതർക്കങ്ങളില്‍ 1996 ജൂലൈ 16-ന് കുറച്ച് ഭാഗം പൊളിച്ചു. ഇതിന്റെ ഭാഗമായി അവകാശികളില്‍ ഒരാളായ രുഗ്മിണി ഭായി തമ്ബുരാട്ടി വാരനാട് കോവിലകത്ത് എത്തുകയും 12 വർഷത്തോളം നീണ്ടു നിന്ന നിയമ യുദ്ധത്തില്‍ കോവിലകം സംരക്ഷിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2006 ല്‍ കോവിലകവും 40 സെന്റ് സ്ഥലവും പുരാവസ്തു വകുപ്പിന്റെ സംരക്ഷണ സ്മാരകമാക്കി മാറ്റി. 2011 ല്‍ കേരള സർക്കാർ 15 ലക്ഷം രൂപ അനുവദിച്ചു കോവിലകത്തിന്റെ ചുറ്റുമതില്‍ മാത്രം നിർമിച്ചു. 2014 ല്‍ രുഗ്മിണി ഭായി തമ്ബുരാട്ടിയും മരിച്ചതോടെ സഹോദരൻ എം കൃഷ്ണ വർമ്മയായിരുന്നു കേസ് നടത്തിയത്. അധിക നാള് കഴിയുംമുമ്ബേ അദ്ദേഹവും മരിച്ചു. മന്ത്രി പി തിലോത്തമന്റെ ഇടപെടല്‍ മൂലം 2017 ല്‍ പുരാവസ്തു വകുപ്പില്‍ നിന്നും തുക അനുവദിച്ച് എട്ടുകെട്ടിന്റെ പകുതി ഭാഗം പുതിക്കിപ്പണിതു. കോവിലകത്തേയ്ക്ക് 150 മീറ്ററോളം നീളത്തില്‍ ടാർ റോഡും നിർമ്മിച്ചു. എന്നാല്‍ റോഡിന് ഇരുവശവും കൈയ്യേറിയെന്ന പരാതിയും ഉയരുന്നുണ്ട്.
മരപ്പട്ടികളുടെയും വവ്വാലുകളുടെയും വിഹാര കേന്ദ്രമാണ് ഇന്ന് കോവിലകം. വർഷങ്ങള്‍ക്ക് മുമ്ബ് ഓസ്കാർ വിവാദത്തിലും താരാട്ട് പാട്ട് നിറഞ്ഞ് നിന്നിരുന്നു. ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിനായി ബോംബെ ജയശ്രീ താരാട്ട് പാട്ടിന് ഈണം നല്‍കിയതോടെ ഓസ്കാർ പട്ടികയില്‍ ഇടം നേടിയിരുന്നു. ജൂലൈ 29 ന് ഇരയിമ്മൻ തമ്ബിയുടെ 168-ാമത് ചരമവാർഷികവും, ഒക്ടോബർ 18 ന് 242-ാമത് ജന്മദിനവുമാണ്. നാല് പതിറ്റാണ്ടായി കോവിലകത്ത് സ്മാരക സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ആഘോഷങ്ങളും, ആചരണങ്ങളും കോവിലകത്തോടുള്ള അവഗണനയെ പ്രതിഷേധിച്ച് മറ്റ് പലയിടങ്ങളില്‍ നടത്തുമെന്ന് സെക്രട്ടറി പ്രൊഫ. തോമസ് വി പുളിക്കനും, പ്രസിഡന്റ് എൻ സദാനന്ദനും പറഞ്ഞു.