ബംഗളൂരു : കർണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ അർജുന്റെ തെരച്ചിലുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. മംഗളൂരുവില്‍ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതുവരെ മണ്ണിനടിയില്‍ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. സൂറത്കല്‍ എൻഐടി സംഘമാണ് പരിശോധന നത്തുന്നത്. ഒരു മണിക്കൂറായി റഡാർ ഉപയോഗിച്ച് പരിശോധന നടത്തുകയാണ്. രാവിലെ 6.30യോടെയാണ് അർജുനായുള്ള തെരച്ചില്‍ ഇന്ന് പുനരാരംഭിച്ചത്. വളരെ സജീവമായിട്ടാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
മണ്ണിടിഞ്ഞതിനെ തുടർന്ന് വൻപാറക്കല്ലുകളും ഇതിനൊപ്പമുണ്ട്. അതിനാല്‍ സിഗ്നല്‍ ലഭിക്കാൻ പ്രയാസം നേരിടുന്നതായും അധികൃതർ വ്യക്തമാക്കുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയും തെരച്ചില്‍ നടത്തുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ഇന്ന് രാവിലെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ലോറി കണ്ടെത്തിയാല്‍ അവിടം കേന്ദ്രീകരിച്ച് മണ്ണ് മാറ്റി പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. റഡാർ ഉപയോഗിച്ച് കൂടുതല്‍ ലൊക്കേഷനുകളില്‍ പരിശോധന നടത്താനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.