തിരുവനന്തപുരം : പൊലീസുകാരുടെ ഔദ്യോഗികവും മാനസികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാൻ പുതിയ പദ്ധതി. ‘കാവല്‍ കരുതല്‍’ എന്നാണ് പദ്ധതിയുടെ പേര്. സ്റ്റേഷൻ മുതല്‍ എഡിജിപിയുടെ ഓഫീസില്‍ വരെ പ്രശ്നപരിഹാരത്തിന് കമ്മിറ്റികള്‍ രൂപീകരിക്കും ‘ഇൻ പേഴ്സണ്‍’ എന്ന പേരില്‍ ക്രമസമാധാന ചുമതലയുള്ള എർഡിജിപിക്ക് നേരിട്ടും പൊലിസുകാർക്കോ ബന്ധുക്കള്‍ക്കോ പരാതികള്‍ നല്‍കാം. പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഔദ്യോഗികവും വ്യക്തിപരവും സർവ്വീസ് സംബന്ധവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. ഇതിലൂടെ മെച്ചപ്പെട്ട ജോലി സാഹചര്യം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കുലറില്‍ പറയുന്നു.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും സ്റ്റേഷൻ ഹൌസ് ഓഫീസറുടെ നേതൃത്വത്തില്‍ സ്റ്റേഷൻ റൈറ്റർ, വനിതാ പൊലീസ്, സ്റ്റേഷൻ സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ, പൊലീസ് സംഘടനാ പ്രതിനിധി എന്നിവർ ഉള്‍പ്പെട്ട കമ്മിറ്റിയാണ് രൂപീകരിക്കുക. എല്ലാ വെള്ളിയാഴ്ചയും യോഗം ചേരണം. ഈ യോഗത്തില്‍ പരാതികള്‍ ഉന്നയിക്കാം. അന്ന് തന്നെ തീർപ്പാക്കാൻ കഴിയുന്നവ ആണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ തീർപ്പാക്കണം. പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ പരാതി തീർപ്പാക്കണം. പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ പരാതി തീർപ്പാക്കണം.
സ്റ്റേഷൻ തലത്തില്‍ തീർപ്പാക്കാൻ കഴിയാത്ത പരാതികള്‍ ജില്ലാ പൊലീസ് മേധാവിക്ക് അയക്കണം. ലഭിച്ച പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങള്‍ ക്രമസമാധാന ചുമതലയുള്ള എർഡിജിപിയെ അറിയിക്കുകയും വേണം.