ന്യൂഡല്‍ഹി: ഇരുമ്പ് ഗേറ്റില്‍ നിന്ന് ഷോക്കേറ്റ് 26 വയസുകാരൻ മരിച്ചു. സെൻട്രല്‍ ഡല്‍ഹിയിലെ പട്ടേല്‍ നഗറില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. സിവില്‍ സർവീസസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന നിലേഷ് റായ് ആണ് മരിച്ചത്. സൗത്ത് ഡല്‍ഹിയിലെ ഒരു ക്വാർട്ടേഴ്സില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന യുവാവ് ലൈബ്രറിയില്‍ നിന്ന് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. താമസ സ്ഥലത്തിന് സമീപം വലിയ തോതില്‍ വെള്ളം കെട്ടിക്കിടന്ന ഒരു സ്ഥലത്ത് വെള്ളത്തില്‍ ഇറങ്ങാതിരിക്കാൻ സമീപത്തെ ഗേറ്റില്‍ പിടിച്ച് നടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുമ്പ് ഗേറ്റിലൂടെ വൈദ്യുതി പ്രവഹിച്ചത്. പരിസരത്തുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പിന്നീട് പൊലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ഗേറ്റിന് സമീപം ഒരു ഇലക്‌ട്രിക് പോസ്റ്റുണ്ടായിരുന്നുവെന്നും അതില്‍ നിന്ന് അടുത്തുള്ള വീടുകളിലേക്ക് കണക്ഷൻ നല്‍കിയിരുന്ന വയറുകള്‍ ഇൻസുലേഷൻ ഇല്ലാത്ത അവസ്ഥയിലായിരുന്നുവെന്നും യുവാവിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞു. വയറുകളില്‍ നിന്ന് വെള്ളത്തിലേക്ക് വൈദ്യുതി പ്രവഹിച്ചതാവാമെന്നും അങ്ങനെയായിരിക്കാം യുവാവിനെ ഷോക്കേറ്റതെന്നുമാണ് പരിസരത്തുണ്ടായിരുന്ന മറ്റൊരാള്‍ പറഞ്ഞത്. എന്നാല്‍ സമീപത്തെ വീട്ടില്‍ ഇലക്‌ട്രിക് മോട്ടോറില്‍ നിന്ന് വൈദ്യുതി ചോർച്ചയുണ്ടാവുകയും ഗേറ്റിലേക്ക് വൈദ്യുതി പ്രവഹിക്കുകയും ചെയ്തുവെന്നാണ് ദില്ലിയില്‍ വൈദ്യുതി വിതരണം ചെയ്യുന്ന ടാറ്റ പവർ – ഡിഡിഎല്‍ കമ്ബനി വക്താവ് പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളില്‍ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശരീരം പൂർണമായി ഗേറ്റിനോട് ചേർന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് ലഭ്യമായ ചില സാധനങ്ങള്‍ ഉപയോഗിച്ച് യുവാവിനെ ഗേറ്റില്‍ നിന്ന് വേർപ്പെടുത്താൻ ശ്രമിച്ചെങ്കിലും കൈയില്‍ കെട്ടിയിരുന്ന ചരട് ഗേറ്റിന്റെ ഒരു ഭാഗത്ത് കുടുങ്ങിപ്പോയതിനാല്‍ അതും വിജയിച്ചില്ല. ആ സമയം യുവാവിന്റെ ജീവൻ നഷ്ടമായിട്ടുണ്ടായിരുന്നില്ലെന്ന് രക്ഷിക്കാൻ ശ്രമിച്ചവർ പറഞ്ഞു. പരിസരത്തെ താമസക്കാരും കടകളിലുണ്ടായിരുന്നവരും യുവാവിന്റെ സുഹൃത്തുക്കളുമെല്ലാം ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ഇവർ പറയുന്നു. വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. പൊലീസുകാർ റബ്ബർ ബൂട്ടുകളും ഗ്ലൗസുകളും ധരിച്ചാണ് ഗേറ്റിന് അടുത്തെത്തി ശരീരം വേർപ്പെടുത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് സെൻട്രല്‍ ഡിസിപി എം ഹർഷ വർദ്ധൻ പറഞ്ഞു.