കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച വിജയം നേടി ടീം ഇന്ത്യ. സൂര്യ ക്യാപ്റ്റനായും ഗംഭീർ കോച്ചായും കളത്തിലിറങ്ങിയ മത്സരത്തിൽ 43 റണ്ണിനാണ് ഇന്ത്യൻ വിജയം. ഓപ്പണർമാരായ ജയ്സ്വാളും (21 പന്തിൽ 40), ശുഭ്മാൻ ഗില്ലും (16 പന്തിൽ 34) നൽകിയ മികച്ച തുടക്കം സൂര്യകുമാർ യാദവ് (26 പന്തിൽ 58) ഏറ്റെടുത്തതോടെയാണ് ഇന്ത്യ ഏഴു വിക്കറ്റിന് 213 എന്ന മികച്ച സ്കോർ പടുത്തുയർത്തിയത്. 33 പന്തിൽ 49 റൺ എടുത്ത പന്തും ഇന്ത്യൻ സ്കോറിൽ നിർണ്ണായകമായ സംഭാവന നൽകി. ആദ്യം മെല്ലെത്തുടങ്ങിയ പന്ത് അവസാന ഓവറുകളിലാണ് ആഞ്ഞടിച്ചത്. ഹർദിക് പാണ്ഡ്യ (9), റിയാൻ പരാഗ് (7), റിങ്കു സിംങ് (1) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ , അഞ്ച് പന്തിൽ 10 റൺ എടുത്ത അക്സർ പട്ടേലാണ് ടീം സ്കോർ 213 ൽ എത്തിച്ചത്. മറുപടി ബാറ്റിംങിൽ മികച്ച തുടക്കമാണ് ലങ്കൻ ഓപ്പണർമാർ നൽകിയത്. കുശാൽ മെൻഡിസും (27 പന്തിൽ 45), പത്തും സിംഗയും (48 പന്തിൽ 79) ചേർന്ന് മികച്ച തുടക്കമാണ് ലങ്കയ്ക്ക് നൽകിയത്. 84 ലാണ് ഈ കൂട്ടുകെട്ടി പിരിഞ്ഞത്. മെൻഡിസ് പുറത്തായ ശേഷം എത്തിയ കുശാൽ പെരേര (20) നിസങ്കയ്ക്ക് കൂട്ടു നിന്നെങ്കിലും 140 ൽ രണ്ടാം വിക്കറ്റും നഷ്ടമായതി. 149 ൽ പെരേരയും വീണതോടെ ലങ്കയുടെ ബാറ്റിംങ് തകർച്ച ആരംഭിച്ചു. മെൻഡിസ് (12), അസലങ്ക (0), ശനങ്ക (0), ഹസരങ്ക (2), തീക്ഷണ (2), പതിരണ (6) എന്നിവരെല്ലാം വന്ന പാടേ മടങ്ങി. 149 ന് ഒന്ന് എന്ന നിലയിൽ നിന്ന ലങ്ക 170 ന് എല്ലാവരും പുറത്തായി. അഷിത ഫെർണ്ണാണ്ടോ (0) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി റിയാൻ പരാഗ് മൂന്നും, അക്സർ പട്ടേലും അർഷദീപ് സിംങും രണ്ടു വീതവും മുഹമ്മദ് സിറാജും രവി ബിഷ്ണോയിയും ഓരോ വിക്കറ്റ് വീതവും പിഴുതു.