കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണില്‍ കുടുങ്ങിയ ആളെ മണിക്കൂറുകള്‍ക്കുശേഷം അതിസാഹസികമായി രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടി കല്ലും മണ്ണുമെല്ലാം വീടുകളും മറ്റും തകര്‍ത്തുകൊണ്ട് ഒഴുകിയ സ്ഥലത്തിന് സമീപത്തെ ചെളിയില്‍ കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്. മലവെള്ളപ്പാച്ചിലിന്റെ ഒഴുക്ക് ഈ ഭാഗത്ത് കുറഞ്ഞിരുന്നെങ്കിലും ചെളിയില്‍ ആഴ്ന്നുപോവുകയായിരുന്നു. മുട്ടോളം ചെളിയില്‍ കുടുങ്ങി നിന്നയാളുടെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. രക്ഷപ്പെടുത്താൻ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം അടുത്തേക്ക് എത്താനായിരുന്നില്ല. കുടുങ്ങിയ ആള് നിന്നിരുന്ന സ്ഥലത്തിന്റെ മറ്റിടങ്ങളില്‍ ഒഴുക്കുണ്ടായിരുന്നെങ്കിലും ഇതിനെ അതിജീവിച്ച് രക്ഷാപ്രവര്‍ത്തകര്‍ ആളുടെ അടുത്തെത്തി ചെളിയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. ഉരുള്‍പൊട്ടലുണ്ടായശേഷമാണോ അതിനിടയിലാണോ യുവാവ് മണ്ണില്‍ കുടുങ്ങിയതെന്ന് വ്യക്തമല്ല.
എന്തായാലും മണിക്കൂറുകളുടെ ആശങ്കകള്‍ക്കൊടുവില്‍ ആളെ രക്ഷിക്കാനായി. രക്ഷാപ്രവര്‍ത്തകര്‍ കൊണ്ടുവന്ന വെള്ളം ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. ചെളിയില്‍ നിന്ന് പുറത്തേക്ക് എടുത്തയാളെ കരയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടകരയാണ്. നിലവില്‍ ചെളി അടിഞ്ഞുകുടിയ സ്ഥലത്തിന് സമീപത്തെ മണ്‍തിട്ടയില്‍ സുരക്ഷിതമായി നിര്‍ത്തിയിരിക്കുകയാണ്. കരയിലേക്ക് എത്തിക്കാനാണ് ശ്രമം. മുണ്ടക്കൈ യുപി സ്കൂളിന് സമീപത്ത് നിന്നാണ് ഇയാളെ മണ്ണില്‍ നിന്നും രക്ഷപ്പെടുത്തിയത്. മണ്ണില്‍ കുടുങ്ങിയ ആളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇയാളുടെ അടുത്തെത്തി ചെളിയില്‍ നിന്ന് പുറത്തെടുത്തത്.