വയനാട്: കാലവര്‍ഷ കെടുതിയുടെ ഭാഗമായി വയനാട്ടില്‍ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8304 പേരെ മാറ്റി താമസിപ്പിച്ചു. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച എട്ട് ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിത്. എല്ലാ ക്യാമ്പിലുമായി 3022 പുരുഷന്മാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗര്‍ഭിണികളുമാണ് കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ടെന്ന് കളക്ടർ അറിയിച്ചു. റേഷന്‍ കടകളിലും സപ്ലൈകോ വില്പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
രണ്ട് ദിവസമായി നടന്ന രക്ഷാപ്രവർത്തനത്തില്‍ രക്ഷിക്കാനായത് 1592 പേരെയാണെന്ന് കളക്ടർ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ദുരന്ത മുണ്ടായത്തിന്റെ സമീപ സ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. ഇതില്‍ 75 പുരുഷന്മാരും 88 സ്ത്രീകളും 43 കുട്ടികളും ഉള്‍പ്പെടുന്നു. ഉരുള്‍പൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളില്‍ കുടുങ്ങി പോയവരുമായ 1386 പേരെ രണ്ട് ദിവസത്തെ രക്ഷാ ദൗത്യത്തിന്റെ ഫലമായി രക്ഷിക്കാനായി. 528 പുരുഷന്മാർ, 559 സ്ത്രീകള്‍, 299 കുട്ടികള്‍ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കാനായി. ഇതില്‍ 90 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്ന് കളക്ടർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ ഉയരുകയാണ്. ഇന്ന് രാവിലെയോടെ മരണം 264 ആയി ഉയർന്നു. കനത്ത മഴ രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ടെങ്കിലും ബെയ്ലി പാലം നിർമാണം പൂർത്തിയാക്കാനൊരുങ്ങുകയാണ് സൈന്യം. നിലവില്‍ പാല നിർമാണം അവസാന ഘട്ടത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. ഇനിയും 240 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്.