മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ബിസിസിഐ വിളിച്ചു ചേര്‍ത്ത ടീം ഉടമകളുടെ യോഗത്തില്‍ എം എസ് ധോണിയെ ടീമില്‍ നിലനിര്‍ത്താന്‍ പുതിയ തന്ത്രവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. അടുത്ത സീസണിലും ധോണിയെ നിലനിര്‍ത്താനായി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞ കളിക്കാരനെ അണ്‍ ക്യാപ്ഡ് പ്ലേയറായി പരിഗണിക്കണമന്ന പഴയ നിയമം തിരിച്ചുകൊണ്ടുവരണമെന്നാണ് ചെന്നൈ ആവശ്യപ്പെട്ടത്. ഐപിഎല്ലില്‍ 2008 മുതല്‍ 2021വരെ ഉണ്ടായിരുന്ന നിയമമാണിതെന്നും ഇത് തിരിച്ചുകൊണ്ടുവരണമെന്നുമായിരുന്നു ചെന്നൈയുടെ ആവശ്യം. ഈ നിയമം അനുസരിച്ച് ഒരു കളിക്കാരന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ആ കളിക്കാരനെ അണ്‍ ക്യാപ്ഡ് പ്ലേയറായി ലേലത്തില്‍ പരിഗണിക്കാമെന്നതാണ്. 2020 ഓഗസ്റ്റ് 15നാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്ത ഐപിഎല്ലാവുമ്പോഴേക്കും ധോണി വിരമിച്ച് അഞ്ച് വര്‍ഷമാകുമെന്നതിനാലാണ് ചെന്നൈ പഴയ നിയമം തിരിച്ചുകൊണ്ടുവരാനായി ശ്രമം നടത്തിയത്.
2022ലെ മെഗാ താരലേലത്തിന് മുമ്ബ് ധോണിയെ 12 കോടി രൂപക്കാണ് ചെന്നൈ നിലനിര്‍ത്തിയത്. രവീന്ദ്ര ജഡേജയെ 16 കോടി രൂപക്കും നിലനിര്‍ത്തി. എന്നാല്‍ പഴയ നിയമം അനുസരിച്ചാണെങ്കില്‍ അണ്‍ ക്യാപ്ഡ് പ്ലേയറാണെങ്കില്‍ പരമാവധി നാലു കോടി രൂപ നല്‍കി കളിക്കാരനെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് കഴിയും. ഇതോടെ അടുത്ത സീസണില്‍ ചെന്നൈക്ക് ധോണിയെ വെറും നാലു കോടി രൂപക്ക് നിലനിര്‍ത്താൻ അവസരം ലഭിക്കും. അതുകൊണ്ടാണ് പഴയ നിയമം തിരിച്ചുകൊണ്ടുവരണമെന്ന് ചെന്നൈ നിര്‍ദേശം വെച്ചത്. എന്നാല്‍ വിരമിച്ച താരങ്ങളെ അണ്‍ക്യാപ്ഡ് ആയി പരിഗണിക്കുന്നതിനെ യോഗത്തില്‍ ഭൂരിഭാഗം ടീമുകളും ശക്തമായി എതിര്‍ത്തു. വിരമിച്ച കളിക്കാരെ അണ്‍ ക്യാപ്ഡ് കളിക്കാരനായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ആ കളിക്കാരനോടുള്ള അനാദരവാണെന്ന് സണ്‍റൈസേഴ്സ് ഹൈരദാരാബാദ് ടീം ഉടമ കാവ്യ മാരൻ തുറന്നടിച്ചു. ഇത് അനാവശ്യ കീഴ്വഴക്കം ഉണ്ടാക്കുമെന്നും വിരമിച്ച താരമാണെങ്കിലും ലേലത്തില്‍ പങ്കെടുക്കുകയാണ് വേണ്ടതെന്നും കാവ്യ പറഞ്ഞു. അതേസമയം വിരമിച്ച ഇന്ത്യൻ കളിക്കാര്‍ക്ക് അവരുടെ അടിസ്ഥാനവില കുറക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഐപിഎല്‍ സിഇഒ ഹേമങ് അമിനിന്‍റെ നിര്‍ദേശം ഭൂരിഭാഗം ടീമുകളും അംഗീകരിച്ചു.