സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തും, ടൗൺഷിപ്പും നിർമിക്കും; ദുരിത ബാധിതർക്ക് ഉറപ്പു നൽകി മുഖ്യമന്ത്രി

വയനാട്: വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനായി സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കും. സ്കൂളുകള്‍ പൂർണമായി തകർന്നതോടെ വിദ്യാഭ്യാസത്തിന് ബദല്‍ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയില്‍ നടത്താനാവണം എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒരു വലിയ ജനവാസമേഖലയാണ് മറഞ്ഞ് പോയത്. അതിന് പകരം കൂടുതല്‍ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടത്തി അവിടെ ഒരു ടൗണ്‍ഷിപ്പ് തന്നെ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചര്‍ച്ചകള്‍ ഭരണതലത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും മാതൃകാപരമായ രീതിയില്‍ ഈ പുനരധിവാസ പദ്ധതി അതിവേഗം പൂര്‍ത്തിയാക്കാന്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച്‌ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Advertisements

നിലവില്‍ വയനാട്ടില്‍ 93 ദുരിതാശ്വാസ ക്യാമ്ബുകളിലായി 10,042 പേര്‍ താമസിക്കുന്നുണ്ട്. ചൂരല്‍മലയില്‍ 10 ക്യാമ്ബുകളിലായി 1,707 പേര്‍ താമസിക്കുന്നു. ദുരന്ത മേഖലയിലും ചാലിയാറിലും തെരച്ചില്‍ തുടരുകയാണ്. ഇന്നലെ മാത്രം 40 ടീമുകള്‍ ആറ് സെക്ടറുകളായി തിരിഞ്ഞ് രാവിലെ ഏഴ് മണി മുതല്‍ തെരച്ചില്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ ഫയര്‍ഫോഴ്സില്‍ നിന്നും 460 പേര്‍, ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) 120 അംഗങ്ങള്‍, വനം വകുപ്പില്‍ നിന്നും 56 പേര്‍, പോലീസ് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് 64 പേര്‍, ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ്, ഇലക്‌ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് , നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയില്‍ നിന്നായി 640 പേര്‍, തമിഴ്നാട് ഫയര്‍ഫോഴ്സില്‍ നിന്നും 44 പേര്‍, കേരള പൊലീസിന്‍റെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ നിന്നും 15 പേര്‍ എന്നിങ്ങനെ ആകെ 1419 പേരാണ് രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി തുടരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.