രാജ്യത്തെ പൊലീസ് സേനയ്ക്ക് തന്നെ കേരള പൊലീസ് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.എ.പി, കെ.എ.പി 5 എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 333 പൊലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മനസ്സില്‍ വേദനയായി നിലനില്‍ക്കുകയാണ് വയനാട്. സംസ്ഥാന ചരിത്രത്തില്‍ ഇത്ര വലിയൊരു ദുരന്തം ഉണ്ടായിട്ടില്ല. രാജ്യത്തും ലോകത്തെമ്പാടുമുള്ള മനുഷ്യരെ ഇത് വേദനിപ്പിക്കുന്നു. ഇവിടുത്തെ രക്ഷാപ്രവർത്തനത്തിന്റെ ഒത്തൊരുമ മാതൃകാപരമാണ്.
രക്ഷാപ്രവർത്തനത്തില്‍ പ്രധാന പങ്ക് കേരള പൊലീസാണ് നിർവഹിക്കുന്നത്. ആപത്ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതുകൂടിയാണ് തങ്ങളുടെ സേവനം എന്നതാണ് കേരള പൊലീസ് കാട്ടിത്തരുന്നത്. മുൻപും നാടെത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മഹാമാരിക്കാലത്ത് മാത്രമല്ല മഹാദുരന്തത്തിന് ഘട്ടത്തിലും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് കേരള പൊലീസ് തെളിയിക്കുന്നു. മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ സത്ത കാത്തുസൂക്ഷിക്കാൻ നിങ്ങള്‍ക്ക് കഴിയട്ടെ. പൊലീസ് സേനയെ ആധുനികവത്കരിക്കുന്നതിന് സർക്കാർ നടത്തുന്ന പ്രവർത്തനമാണ് ഇതിന് കാരണം. ശാസ്ത്രീയമായ അന്വേഷണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് കേരള പൊലീസിലേക്ക് വരുന്നത്. പൊലീസിന്റെ നിലവാരത്തെ വലിയ തോതില്‍ ഉയർത്താൻ സഹായിക്കുന്ന ഒരു കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.