പാരിസ്: പാരിസ് ഒളിംപിക്സ് വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് ഫൈനലിൽ. സെമിയിൽ ക്യൂബൻ താരം യുസ്നെലിസ് ലോപ്പസിനെ പരാജയപ്പെടുത്തിയാണ് വിനേഷിന്റെ വിജയം. 5-0 എന്ന സ്കോറിന് സെമിയിൽ വിജയിച്ചാണ് ഇന്ത്യൻ താരം സ്വർണമെഡലിനായുള്ള പോരാട്ടത്തിന് യോഗ്യത നേടിയത്.മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ വിനേഷ് ആക്രമണ ശൈലി സ്വീകരിച്ചു. ഇത് ക്യൂബ താരത്തെ പ്രതിരോധത്തിലാക്കി. ആദ്യ മൂന്ന് മിനിറ്റിൽ വിനേഷ് ഒരു പോയിന്റിന് മുന്നിലായി. രണ്ടാം പകുതിയിൽ എതിരാളിയെ രണ്ട് തവണ മാറ്റിലേക്ക് വീഴ്ത്താൻ വിനേഷ് ശ്രമിച്ചു. ഇത് ഇന്ത്യൻ താരത്തിന്റെ സ്കോർ നാല് പോയിന്റ് കൂടി വർദ്ധിപ്പിച്ചു. ഇതോടെ ആറ് മിനിറ്റ് പൂർത്തിയായപ്പോൾ വിനേഷ് 5-0ത്തിന്റെ വിജയവും നേടി.നേരത്തെ നിലവിലെ 50 കിലോഗ്രാം വിഭാഗത്തിലെ സ്വർണമെഡൽ ജേതാവായ ജപ്പാൻ താരം സുസാകി യുയിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ക്വാർട്ടറിൽ പ്രവേശിച്ചത്. പിന്നാലെ യുക്രെയ്ന് താരം ഒക്സാന ലിവാച്ചിനെ പരാജയപ്പെടുത്തി സെമിയിലേക്കും വിജയിച്ചു. ഒരു വിജയം കൂടി നേടിയാൽ വിനേഷ് ഫോഗട്ടിന് പാരിസിൽ സുവർണനേട്ടം സ്വന്തമാക്കാൻ കഴിയും.