ദില്ലി: ജുഡീഷ്യറിക്ക് എതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയ ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ പ്രസിഡന്റ് സ്വന്തം ചെലവില്‍ പ്രമുഖ പത്രങ്ങളില്‍ ഖേദപ്രകടനം നടത്തണമെന്ന് സുപ്രീംകോടതി. പതഞ്ജലി കേസില്‍ ഐഎംഎ പ്രസിഡന്റ് ഡോ. ആർ വി അശോകൻ സുപ്രീംകോടതിയെ കുറിച്ച് നടത്തിയ പരാമർശങ്ങളെ തുടർന്നാണ് നടപടി. ഐഎംഎയുടെ പ്രതിനിധി എന്ന നിലയിലല്ല, വ്യക്തിപരമായി അശോകൻ ഈ ക്ഷമാപണം നടത്തണമെന്നും ചെലവ് അദ്ദേഹം തന്നെ വഹിക്കണമെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്ലിയുടെയും സന്ദീപ് മേത്തയുടെയും ബെഞ്ച് ഉത്തരവിട്ടു.
വാർത്താ ഏജൻസിയായ പിടിഐക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പരാമർശമെന്ന് ഐഎംഎയെ പ്രതിനിധീകരിച്ചെത്തിയ അഭിഭാഷകൻ പിഎസ് പട്വാലിയ കോടതിയെ അറിയിച്ചു. ഏതെല്ലാം പ്രസിദ്ധീകരണങ്ങളിലാണോ ഈ അഭിമുഖം വന്നിട്ടുള്ളത് അവയിലെല്ലാം ക്ഷമാപണം നടത്തണം. നിങ്ങള്‍ സ്വയം കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണെന്നും കൈ കഴുകാനാവില്ലെന്നും ബെഞ്ച് പറഞ്ഞു. പതഞ്ജലിയുടെ ആയുർവേദ ഉല്‍പ്പന്നങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഐഎംഎ പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനം. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പതഞ്ജലി അപവാദ പ്രചരണം നടത്തുന്നതായി ഐഎംഎ ആരോപിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനിടെ ഡോക്ടർമാരുടെ ചില പ്രവണതകളെയും അസോസിയേഷനെയും കോടതി വിമർശിച്ചിരുന്നു. സുപ്രീം കോടതിയുടെ ശാസനയില്‍ മാധ്യമങ്ങളോട് നിരാശ പ്രകടിപ്പിച്ച അശോകൻ, ഇത് ഡോക്ടർമാരുടെ മനോവീര്യം കെടുത്തിയതായി പറഞ്ഞു. തുടർന്നാണ് സുപ്രീംകോടതി ഇടപെട്ടത്.