കോട്ടയം: ചിങ്ങവനം കേളമംഗലം ഗ്രൂപ്പിന്റെ നിക്ഷേപത്തട്ടിപ്പിൽ പരാതിയുമായി നിക്ഷേപകർ. നിക്ഷേപകരുടെ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗങ്ങളായ 200 ഓളം നിക്ഷേപകർ ഇന്ന് യോഗത്തിൽ പങ്കെടുത്തു. തട്ടിപ്പിന് ഇരയായവരാണ് യോഗത്തിൽ പങ്കെടുത്തത്. മുപ്പതിനായിരം രൂപ മുതൽ 25 ലക്ഷം രൂപ വരെ നഷ്ടമായവരാണ് യോഗത്തിൽ പങ്കെടുത്തതിൽ ഏറെയും. പണം നഷ്ടമായവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് നിലവിൽ ആറ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
ഇതിനിടെ വമ്പൻ തട്ടിപ്പ് പുറത്ത് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കോട്ടയത്തെ പ്രമുഖ മാധ്യമങ്ങളിൽ ഒന്നും തന്നെ തട്ടിപ്പ് സംബന്ധിച്ചു വാർത്ത വന്നിട്ടില്ല. കേളമംഗലം ഗ്രൂപ്പ് നല്ല നിലയിൽ പ്രവർത്തിച്ച സമയത്ത് ഈ മാധ്യമങ്ങൾക്കെല്ലാം തന്നെ കോടികളുടെ പരസ്യം നൽകിയിരുന്നു. ഈ പരസ്യത്തിനോടുള്ള നന്ദിയായാണ് ഇപ്പോൾ ഇവർ വാർത്ത മുക്കുന്നതെന്നാണ് വിലയിരുത്തൽ. എല്ലാം കണ്ണ് തുറന്ന് കണ്ട് കച്ചവടം നടത്തുന്ന കോട്ടയത്തെ വെള്ളക്കുപ്പായക്കാരന്റെ മൂന്നുകണ്ണനും വാർത്ത മുക്കിയിരിക്കുകയാണ്. നേരത്തെ ഒരു സൂചന വാർത്ത കൊടുത്ത ശേഷം പോക്കറ്റ് വീർത്തപ്പോൾ വാർത്ത മുക്കിയതാണ് എന്നാണ് ലഭിക്കുന്ന വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിങ്ങവനം, പരുത്തുംപാറ, ചാന്നാനിക്കാട്, പ്രദേശത്തുള്ള നിരവധി ആളുകളുടെ പണമാണ് ഇത്തരത്തിൽ നഷ്ടമായിരിക്കുന്നത്. കോടികൾ നഷ്ടമായ പരാതിക്കാർ ഏറെയുണ്ട്. സ്വന്തം മകൾ അപകടത്തിൽ മരിച്ചപ്പോൾ നഷ്ടപരിഹാരമായി ലഭിച്ച തുക ഇവിടെ നിക്ഷേപിച്ച അമ്മ കഴിഞ്ഞ ദിവസം ഇവരുടെ ഓഫിസിനു മുന്നിൽ ധർണയിരുന്നിരുന്നു. എന്നാൽ, ഇതുവരെയും വിഷയത്തിൽ കർശനമായ നിലപാട് സ്വീകരിക്കാൻ പൊലീസിനും സാധിച്ചിട്ടില്ല. കോടികൾ വെട്ടിച്ച് തട്ടിപ്പുകാരനായ ജ്വല്ലറി ഉടമ നാടുവിട്ടിട്ടും നാട്ടിൽ ആർക്കും ഒരു കുലുക്കവുമില്ലെന്നതാണ് ഏറെ വേദനാ ജനകം.