കൊച്ചി: മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ റിലീസ് വൈകുമെന്ന് റിപ്പോർട്ട്. സെപ്തംബർ 12ന് ഓണം റിലീസായി നിശ്ചയിച്ചിരിക്കുകയായിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റുകയായിരുന്നുവെന്നാണ് വിവരം. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഒക്ടോബർ പത്തിനായിരിക്കും ബറോസിന്റെ റിലീസ്.
ഇതു രണ്ടാം തവണയാണ് ബറോസിന്റെ റിലീസ് മാറ്റുന്നത്. ഈ വർഷം മാർച്ചിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് ഓണം റിലീസായി മാറ്റി. നാലര പതിറ്റാണ്ട് പിന്നിടുന്ന അഭിനയ ജീവിതത്തിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും മോഹൻലാൽ എന്നത് ആരാധകരെ ആവേശത്തിലാക്കുന്നു. ബിഗ് ബഡ്ജറ്റിൽ ത്രിമാന ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. സൂര്യ നായകനായി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ആണ് ഒക്ടോബർ പത്തിന് എത്തുന്ന മറ്റൊരു മേജർ ചിത്രം. ഇതാദ്യമായി സൂര്യയും കാർത്തിയും ഒരുമിക്കുന്നു എന്ന് പ്രത്യേകത കൂടിയുണ്ട്. അമൽ നീരദ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ ജ്യോതിർമയി ചിത്രം ബോഗ്യൻ വില്ലയും ഒക്ടോബർ പത്തിന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തുടർചിത്രീകരണം അടുത്ത ദിവസം തൊടുപുഴയിൽ ആരംഭിക്കും. ക്രിസ്മസ് റിലീസായി ഒരുങ്ങുന്ന ചിത്രത്തിൽ ശോഭനയാണ് നായിക. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത് നിർമ്മിക്കുന്ന ചിത്രം ആശിർവാദ് റിലീസ് തിയേറ്ററിൽ എത്തിക്കുന്നു.