പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ.മുരളീധരൻ. മുതിർന്ന നേതാക്കളുടേയും പ്രവർത്തകരുടെയും അഭിപ്രായങ്ങള്‍ മാനിച്ചായിരിക്കും സ്ഥാനാർത്ഥി നിർണയം. ജില്ലയില്‍ ബിജെപിക്ക് ജയിക്കാനാവില്ലെന്നും നേതൃയോഗത്തിനു ശേഷം കെ.മുരളീധരൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ നേതൃയോഗത്തില്‍ ഉപതെരഞ്ഞെടുപ്പും സ്ഥാനാർത്ഥി നിർണയവും ചർച്ചയായി. സീറ്റ് നിലനിർത്താനുള്ള തന്ത്രങ്ങളും നേതാക്കള്‍ പങ്കുവെച്ചു.
സ്ഥാനാർത്ഥികളുടെ പേരുകള്‍ ഉയർത്തി അനാവശ്യ വിവാദമുണ്ടാക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു. അതേസമയം മതിയായ ചർച്ചകളിലൂടെ ഉചിതനായ സ്ഥാനാർത്ഥിയെ തന്നെ നിർണയിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള കെ.മുരളീധരൻ വ്യക്തമാക്കി. താഴേത്തട്ടില്‍ പാർട്ടി ദുർബലമാണെന്ന വിമർശനവും യോഗത്തില്‍ ഉയർന്നു. ബൂത്ത് തലത്തില്‍ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് വിജയം മുന്നില്‍ കണ്ട് പ്രവർത്തനങ്ങളില്‍ നിന്ന് പിന്നോട്ടു പോകരുതെന്നും യോഗത്തില്‍ അഭിപ്രായമുയർന്നു.