ഇരിങ്ങാലക്കുട:വിട്ടുമാറാത്ത ന്യൂറോളജിക്കൽ രോഗങ്ങളെ സംബന്ധിച്ച് രജിസ്ട്രി തയാറാക്കുന്നു. സ്പൈനൽകോഡ് ഇൻജ്വറി, പാർകിൻസൺ രോഗം, അക്വയേഡ് ബ്രെയ്ൻ ഇൻജ്വറി (എബിഐ), സെറിബ്രൽ പാഴ്സി(സിപി) എന്നീ രോഗങ്ങളെ മാത്രം ആദ്യഘട്ടത്തിൽ പരിഗണിച്ച് ഡിജിറ്റൽ രജിസ്ട്രി തയാറാക്കണമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) സംഘടിപ്പിച്ച വെബിനാറിൽ വിദഗ്ദർ നിർദേശിച്ചു.
സ്പൈനൽകോഡ് ഇൻജ്വറി , പാർകിൻസൺ രോഗം, അക്വയേഡ് ബ്രെയ്ൻ ഇൻജ്വറി , സെറിബ്രൽ പാഴ്സി, മൾട്ടിപ്പിൾ സക്ലീറോസിസ് തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുടെ ശരിയായ ആസൂത്രണത്തിനും പരിപാലനത്തിനും രജിസ്ട്രിയില്ലാത്തത് തടസം സൃഷ്ടിക്കുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് രജിസ്ട്രി തയാറാക്കാൻ തീരുമാനിച്ചത്. പൈലറ്റ് രജിസ്ട്രി തയാറാക്കുന്നതിനുള്ള നോഡൽ ഏജൻസിയായി നിപ്മറിനെ ചുമതലപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള സോഷ്യൽ സെക്യൂരിറ്റി മിഷനാണ് രജിസ്ട്രി തയാറാക്കുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളെജുകൾ മറ്റ് ആരോഗ്യവിദ്യഭ്യാസ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ ഏകോപനത്തിൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള പ്രൊഫഷണലുകളെ ഉൾപ്പെടുത്തി വിദഗ്ധ സാങ്കേതിക സമിതിയുണ്ടാക്കിയാകും രജിസ്ട്രി തയാറാക്കുക.
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ എൻഐപിഎംആർ എക്‌സിക്യൂട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു അധ്യക്ഷനായി. നിപ്മർ ഫിസിയാട്രിസ്റ്റ് ഡോ. സിന്ധു വിജയകുമാർ, ചർച്ചയ്ക്കുള്ള കരട് രേഖ അവതരിപ്പിച്ചു. ഡോ.വിനു വി ഗോപാൽ, ഗവ. മെഡിക്കൽ കോളേജ്, കോട്ടയം, ഡോ. തോമസ് ഐപ്പ്, ന്യൂറോളജിസ്റ്റ്, ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം, ഡോ. ജോർജ് സക്കറിയ, ഫിസിയാട്രിസ്റ്റ്, ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം, ഡോ. മിനി ശ്രീധർ, പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം, ഡോ. ജേക്കബ് ജോർജ്, ന്യൂറോളജിസ്റ്റ്, ഗവ. മെഡിക്കൽ കോളേജ് കോട്ടയം, ഡോ. നീന ടി വി, ഫിസിയാട്രിസ്റ്റ് എൻഐപിഎംആർ എന്നിവരും സംസാരിച്ചു.