തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആളെ പൊലീസ് കണ്ടെത്തി. തിരുനെല്‍വേലി സ്വദേശി ഉമറിനെയാണ് (23) തട്ടിക്കൊണ്ടുപോയത്. ഉമറിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയായണ്. സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് ഉമറിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. വിദേശത്ത് നിന്നും വന്ന ആളില്‍ നിന്നും 64 ഗ്രാം സ്വര്‍ണം വാങ്ങാനാണ് ഉമര്‍ എത്തിയത്. എന്നാല്‍, സ്വര്‍ണം കൈമാറിയിരുന്നില്ല. ഉമറിന്റെ കൈവശം സ്വര്‍ണം ഉണ്ടെന്ന ധാരണയിലാണ് സംഘം തട്ടിക്കൊണ്ടുപോയത്.
സ്വര്‍ണം ഇല്ലെന്ന് മനസിലാക്കിയതോടെ ഉമറിനെ വിട്ടയക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വലിയ തുറ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കല്‍ സംഘമാണ് ഉമറിനെ തട്ടികൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വർണക്കടത്ത് സംഘമാണെന്ന് നേരത്തെ തന്നെ പൊലീസ് ഉറപ്പിച്ചിരുന്നു. വിദേശത്ത് നിന്നും വന്നയാളിനെ കണ്ടിറങ്ങിയ ശേഷമാണ് യുവാവിനെ ഒരു സംഘം തട്ടികൊണ്ടുപോയതെന്ന വിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. അക്രമി സംഘമെത്തിയ കാർ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.