ഗംഗ നായവല്ലിയായത് നകുലൻ കിടപ്പറയിൽ പരാജയമായതിനാൽ ! നകുലന്റെ ലൈംഗികവിരക്തിയും ഗംഗയുടെ ആസക്തിയും : മണിച്ചിത്രത്താഴിൻ്റെ റീ റിലീസിൽ വൈറലായി പഴയ കുറിപ്പ് 

കൊച്ചി : മണിച്ചിത്രത്താഴിൻ്റെ റീ റിലീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതിനിടെ വൈറലായി ഓടുകയാണ് ചിത്രത്തിൻ്റെ മറ്റൊരു വേർഷൻ അവതരിപ്പിച്ച കുറിപ്പ്. ഗംഗ നായവല്ലിയായത് നകുലൻ കിടപ്പറയിൽ പരാജയമായതിനാലാണ് എന്ന് പറഞ്ഞ് വയ്ക്കുകയാണ് കലവൂർ രവികുമാറിൻ്റെ കുറിപ്പ്. മണിച്ചിത്രത്താഴിൻ്റെ റീ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പ് വായിക്കാം. 

Advertisements

നകുലന്റെ ലൈംഗികവിരക്തിയും ഗംഗയുടെ ആസക്തിയും* 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

….

പണ്ടു മണിച്ചിത്രത്താഴ് കണ്ട ഉടൻ യഥാർത്ഥത്തിൽ അസുഖം ഗംഗക്കല്ല നകുലനാണെന്നും , നകുലൻ ഷണ്ഠനാണെന്ന്‌ വാദിച്ചതും,അതു ഉറപ്പാക്കാൻ തിരക്കഥാകൃത്തു മധു മുട്ടത്തെ കാണാൻ പോയതും, ആ അഭിമുഖം വെള്ളിനക്ഷത്രത്തിൽ അടിച്ചു വന്നതും ഓർത്തു.

ഇപ്പോൾ അതിനൊരു പ്രസക്തി ഉണ്ടല്ലോ.

അന്നു ഞാൻ തിരുവനന്തപുരത്തു കേരളകൗമുദിയിൽ ജേർണലിസ്റ്റ് ട്രെയിനിയാണ്. മണിച്ചിത്രത്താഴു കണ്ടു വന്ന ഉടൻ വെള്ളിനക്ഷത്രം പത്രാധിപർ പ്രസാദ് ലക്‌ഷ്മണോട് 

പറയുന്നു – നകുലൻ യഥാർത്ഥത്തിൽ ലൈംഗികബന്ധത്തോട് ഒരു താല്പര്യവും ഉള്ള ആളല്ല.. അതിനാൽ ഗംഗയ്ക്ക് അടുത്ത വീട്ടിലെ മഹാദേവനോട് തോന്നുന്ന കാമമാണ് ചിത്രത്തിന്റെ കഥ.

പ്രസാദ് ലക്ഷ്മൺ എന്നെ ഓടിച്ചില്ല. എന്തേ അങ്ങനെ തോന്നാൻ എന്നായി.

എനിക്കു സംശയം തോന്നിയത് ചിത്രത്തിലെ വരുവാനില്ലാരും എന്നു തുടങ്ങിയ പാട്ടു കേട്ടപ്പോഴാണ്. ഈ പാട്ടു മാത്രം മണിച്ചിത്രത്താഴിന്റെ ഗാനരചയിതാവായ ഒ എൻ വി അല്ല എഴുതിയത്. തിരക്കഥ എഴുതിയ മധു മുട്ടമാണ്.

എന്തിനു കഥാകൃത്തു അതിനു തുനിഞ്ഞു. അതിൽ ചിത്രത്തിൽ അദ്ദേഹം ഒളിപ്പിച്ച കഥ അങ്ങനെതന്നെ ഉണ്ടെന്നു തോന്നി.

വരുവാനില്ലാരും എന്നാലും പാതി വാതിൽ ചാരി ഞാൻ കാത്തിരിക്കുന്നു എന്നു പാട്ടിൽ ഉണ്ട്. വിവാഹിതയായ ഗംഗയുടെ ജീവിതത്തിൽ ഇനി ആരും വരാനില്ലെങ്കിലും അവർ കാത്തിരിക്കുന്നുണ്ട്. കാരണവും പാട്ടിൽ കാണാം.

ഞാനൊരു പൂക്കാത്ത മാങ്കോമ്പാണ് എന്നു പാട്ടിൽ ഗംഗ വിഷാദിക്കുന്നു. അവർ പ്രസവിച്ചിട്ടില്ലെന്നത് ആവാം പൂക്കാത്ത  മാങ്കോമ്പ് എന്ന പ്രയോഗത്താൽ മധു മുട്ടം ധ്വനിപ്പിച്ചത്.

കഥാപാത്രങ്ങളുടെ പേരുകൾ മറ്റൊരു സൂചനയായി തോന്നി. ഗംഗ കുലമില്ലാത്തവൻ എന്നർത്ഥം വരുന്ന നകുലനോടാണോ ചേരേണ്ടത് ശിവനോടാണോ?മഹാദേവൻ ശിവന്റെ മറ്റൊരു പേരല്ലേ?

മാത്രമല്ല ശിവനും ഗംഗയും തമ്മിലുള്ള ബന്ധം പവിത്രമല്ലല്ലോ . പാർവതി കാണാതെ ജഡയിൽ ഗംഗയെ ഒളിപ്പിച്ചിരിക്കയല്ലേ ശിവൻ. ഇവിടെ ഗംഗയ്ക്ക് മഹാദേവനോട് തോന്നുന്ന ബന്ധവും പവിത്രമല്ല. ഒരു ഉത്സവരാവിൽ മഹാദേവനെ കയറിപ്പിടിക്കുന്ന ഗംഗ ചിത്രത്തിൽ ഉണ്ട്. അതിനേക്കാൾ ഏറെ മഹാദേവനോട് തനിക്കുള്ള അഭിനിവേശം കണ്ടെത്താതിരിക്കാൻ ഗംഗ പലതും കാട്ടിക്കൂട്ടുന്നുണ്ട്. മഹാദേവനെ വിവാഹം ചെയ്യാൻ ഒരുങ്ങുന്ന അല്ലിയെ കൊല്ലാനും ശ്രമിക്കുന്നുണ്ട്.

പിന്നെ നവവിവാഹിതരെങ്കിലും ഗംഗയും നകുലനും തമ്മിൽ ഒരു ആലിംഗനരംഗം പോലും കണ്ടില്ല. കിടപ്പറയിലും നകുലൻ ജോലി ചെയ്യുകയാണ്. ഗംഗ അപ്പോൾ ചോദിക്കുന്നുണ്ട്. നാകുലേട്ടൻ കിടക്കാറായോ? അതൊരു ക്ഷണമല്ലേ? പക്ഷെ അയാൾ തനിക്കു ജോലി ഉണ്ടെന്നു ആ ക്ഷണം നിരാകരിക്കുന്നു. ഗംഗ ആ വേള ആവശ്യപ്പെടുന്നത് നാകുലേട്ടൻ കിടക്കുമ്പോൾ എന്നെ വിളിക്കണം എന്നാണ്. ഇതു ഒന്നു കൂടെ പ്രകടമായ ക്ഷണമാണ്. നകുലൻ അന്നേരം പറയുന്നതോ. തനിക്കു ഒരുപാടു ജോലി ഉണ്ടെന്നാണ്. കിടപ്പറയിൽ ഭാര്യയുടെ ക്ഷണങ്ങളത്രയും നിരാകരിക്കുന്ന ഭർത്താവ്.

സ്വാഭാവികമായും ഗംഗ മഹാദേവനെ നോട്ടമിട്ടു എന്നു ഞാൻ വാദിച്ചു.ഇപ്പൊ ചീത്ത കിട്ടുമെന്നു പ്രതീക്ഷിച്ച എനിക്കു 

പ്രസാദ് ലക്ഷ്മൺ  650 രൂപ എടുത്തു തന്നു. അന്നു കേരളകൗമുദിയിലെ ശമ്പളം തന്നെ 500 രൂപയാണ്. മുറിവാടക കൊടുത്തു കഴിഞ്ഞാൽ രണ്ടു നേരം കഷ്ടിയാണ് ഭക്ഷണം.സജീവ്കുമാർ ടി കെ ആണ് ഇടയ്ക്ക് വീട്ടിൽ കൊണ്ടുപോയി ഭക്ഷണം തന്നിരുന്നത്.

അതുകൊണ്ടു ഞാൻ ആ രൂപ ഉടനെ ചാടിപ്പിടിച്ചു. പിന്നെ നേരെ മാവേലിക്കരക്ക് പോയി. മധു മുട്ടത്തെ കാണാൻ.

അദ്ദേഹവും അമ്മയും മാത്രമാണ് ആ വീട്ടിൽ ഉണ്ടായിരുന്നത്. ഉച്ച നേരത്തു കയറി ചെന്ന എനിക്ക് ആ അമ്മ  ഊണും മീൻ പൊരിച്ചതും തന്നു.

പിന്നെ മധുമുട്ടത്തോട് ഞാൻ എന്റെ വാദങ്ങൾ ഒക്കെ നിരത്തി . കുറേ നേരം അദ്ദേഹം  ഒന്നും മിണ്ടാതെ എന്നെ നോക്കി ഇരുന്നു. പിന്നെ എഴുതുമോ എന്നു ചോദിച്ചു. ഞാൻ ആത്മവിശ്വാസമില്ലാതെ തലയാട്ടി. പിന്നെ അദ്ദേഹം എന്റെ കൈകൾ കവർന്നു മന്ത്രിച്ചു –  ഒരാൾ ഇങ്ങനെ സൂക്ഷ്മമായി എന്നെ തിരിച്ചറിഞ്ഞല്ലോ. സന്തോഷം.

ഒന്നും പറയാനാവാതെ ഞാൻ ഇറങ്ങി നടന്നു. തിരിച്ചുള്ള യാത്രയിൽ ബസ്സിൽ സീറ്റൊന്നും കിട്ടിയില്ല. അതൊന്നും ഞാൻ അറിഞ്ഞില്ല. ഞാൻ മധു മുട്ടത്തെ പറ്റി തന്നെ ആലോചിക്കുകയായിരുന്നു.അടുത്താഴ്ച വെള്ളിനക്ഷത്രത്തിൽ ഈ എഴുതിയതത്രയും അടിച്ചു വന്നു. 

പ്രസാദ് ലക്ഷ്ണിന്റെയോ അന്നു അവിടെ ഉണ്ടായിരുന്ന ബീനാ രഞ്ജിനീയുടെയോ പക്കൽ ആ ലക്കം ഉണ്ടാവുമോ? എന്റെ പക്കൽ ഇല്ല. വെള്ളിനക്ഷത്രത്തിൽ ഫയൽ കോപ്പി ഉണ്ടെങ്കിൽ അവർക്കതു ഇപ്പോൾ വേണമെങ്കിൽ പുനപ്രസിദ്ധീകരിക്കാവുന്നതേ ഉള്ളൂ.ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കയല്ലേ.

മധു മുട്ടത്തെ പിന്നെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം ആ അഭിമുഖം വായിച്ചോ എന്നും അറിയില്ല.

എന്തായാലും അടുത്ത വീട്ടിലെ യുവാവിനോട് ആസക്തി തോന്നിയ നവാവധുവിന്റെ കഥ എത്ര ഭംഗിയായി അദ്ദേഹം ആ ചിത്രത്തിൽ ഒളിപ്പിച്ചു.

ഒരിക്കൽ ആലപ്പുഴയിലെ ഒരു പ്രാദേശിക ചാനലിനു വേണ്ടി ഫാസിൽ സാറിനെ ഇന്റർവ്യു ചെയ്തപ്പോൾ സുരേഷ് ഗോപിക്കു അറിയാമായിരുന്നോ ഈ അകംപൊരുൾ എന്നു ഞാൻ ചോദിച്ചു.

ആർക്കും അറിയില്ലെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് തലയാട്ടി.

ഇനി ഒന്നുകൂടി മണിച്ചിത്രത്താഴു കണ്ടു നോക്കൂ. 

തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ചിരി നിങ്ങൾ കാണും. സത്യത്തിൽ ഉറക്കെയുള്ള ചിരി.

കലവൂർ രവികുമാർ. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.