പെൻഷൻ മുടങ്ങി; കാട്ടാക്കടയിലെ മുൻ കെഎസ്‌ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തതില്‍ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: കാട്ടാക്കടയിലെ കെഎസ്‌ആർടിസി റിട്ട.ജീവനക്കാരന്റെ ആത്മഹത്യയില്‍ ഇടപെട്ട് ഹൈക്കോടതി. ഹൈക്കോടതിയിലെ കെഎസ്‌ആർടിസി അഭിഭാഷകനെ തുറന്ന കോടതിയില്‍ വിളിച്ച്‌ വരുത്തി സിംഗില്‍ ബെഞ്ച് വിശദീകരണം തേടി. പെൻഷൻ എന്ത് കൊണ്ട് നല്‍കിയില്ലെന്ന് അഭിഭാഷകനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. രണ്ട് ദിവസത്തിനകം പെൻഷൻ നല്‍കാൻ നടപടിയെടുക്കും എന്നായിരുന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചത്.

Advertisements

പെൻഷൻ നല്‍കുന്നതില്‍ വീഴ്ച ഇനി ആവർത്തിക്കരുതെന്നും കോടതി പറഞ്ഞു. ജൂലൈ, ഓഗസ്റ്റ് മാസത്തെ പെൻഷൻ ഉടൻ നല്‍കിയില്ലെങ്കില്‍ ഗതാഗത സെക്രട്ടറിയെയും, ചീഫ് സെക്രട്ടറിയെയും നേരിട്ട് വിളിച്ച്‌ വരുത്തുമെന്ന സിംഗില്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കെയാണ് കാട്ടാക്കടയിലെ കെഎസ്‌ആർടിസി ജീവനക്കാരന്‍റെ ആത്മഹത്യ. കേസ് വരുന്ന 29ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ 20ന് ആണ് കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് ആണ് (65) ആത്മഹത്യ ചെയ്തത്. പെൻഷൻ കിട്ടാത്തതിലെ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. രണ്ടുമാസമായി പെൻഷൻ മുടങ്ങിയതില്‍ അച്ഛൻ മനോവിഷമത്തിലായിരുന്നുവെന്ന് മകൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെൻഷൻ മുടങ്ങിയതിലെ പ്രശ്നങ്ങള്‍ വീട്ടില്‍ പറഞ്ഞിരുന്നതായി മകൻ സുജിത്തും പറഞ്ഞിരുന്നു. പാപ്പനംകോട് ഡിപ്പോയില്‍ നിന്ന് വിരമിച്ച ജീവനക്കാരനാണ് സുരേഷ്. പാപ്പനംകോട് ഡിപ്പോയില്‍ ജീവനക്കാരനായിരുന്ന സുരേഷിനെ അപകടത്തെ തുടർന്നുള്ള ചികിത്സക്കടക്കം സാമ്പത്തിക ബുദ്ധിമുട്ട് ബാധിച്ചിരുന്നു. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാത്തതിന്‍റെ പേരില്‍ സര്‍ക്കാര്‍ നേരിട്ടത് രണ്ടു വര്‍ഷത്തിനിടെ 15 കോടതിയലക്ഷ്യ നടപടികളാണ്. പെന്‍ഷന്‍ മുടങ്ങിയതിന്‍റെ പേരില്‍ നാലുപേരാണ് ഇതിനകം ആത്മഹത്യ ചെയ്തത്.

Hot Topics

Related Articles