കല്‍പ്പറ്റ : ലൈംഗികാരോപണമുയർന്നതിന് പിന്നാലെ സംവിധായകൻ രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. നടിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സർക്കാർ നിയപരമായ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സിനിമാ മേഖലയില്‍ നിന്നടക്കം വിമർശനം ഉയരുന്നതിന് പിന്നാലെയാണ് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. റിസോർട്ട് ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്ത് പൊലീസ് സംഘമെത്തിയിട്ടുണ്ട്.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയേക്കും. ബംഗാളി നടി ശ്രീലേഖ മിത്ര ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്. പാലേരിമാണിക്കം സിനിമയില്‍ അഭിനയിക്കാനായി വിളിച്ച് വരുത്തിയ രഞ്ജിത് മോശമായി പെരുമാറിയെന്ന് പേര് സഹിതം തുറന്നു പറഞ്ഞതോടെ നടി വലിയ പ്രതിഷേധമുയർന്നു.
സംവിധായകന്റെ പേരടക്കം ഇരയായ സ്ത്രീ വിളിച്ച് പറഞ്ഞെങ്കിലും പക്ഷേ ഇപ്പോഴും ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന വേളയില്‍ ആരുടേയും പേര് ഇല്ലാത്തത് കൊണ്ട് കേസ് എടുക്കാൻ നിയമ തടസമുണ്ടെന്നായിരുന്നു സാംസ്കാരിക മന്ത്രി അടക്കം പറഞ്ഞത്. ഇപ്പോള്‍ ബംഗാളി നടി പേര് പറഞ്ഞാണ് രഞ്ജിത്തിനെതിരെ ആരോപണമുന്നയിച്ചത്. എന്നാല്‍ ആളുടെ പേര് പറഞ്ഞാലും പോര പരാതി ലഭിച്ചാല്‍ മാത്രം നടപടിയെന്ന നിലപാടിലാണ് സർക്കാർ.