കോട്ടയം : വയനാട് ഒറ്റപ്പെടില്ല, ഞങ്ങളുമുണ്ട് കൂടെ എന്നുറക്കെ പ്രഖ്യാപിച്ച് കോട്ടയം ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് 1.24 കോടി രൂപ. ജില്ലയിലെ 78 സി.ഡി.എസ്സ്. മുഖേന അയൽക്കൂട്ട അംഗങ്ങൾ, ജീവനക്കാർ, സഹസംവിധാനങ്ങൾ എന്നിവരിൽനിന്ന് 1,24,07297 രൂപയാണ് വയനാട് ഉരുൾ പൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ചത്. ഉരുൾപൊട്ടലിൽ സർവനാശം സംഭവിച്ച വയനാട് ചൂരൽമല, മുണ്ടക്കൈ നിവാസികൾക്ക് കൈത്താങ്ങാകാനാണ് “ഞങ്ങളുമുണ്ട് കൂടെ” ക്യാമ്പയിൻ നടത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിക്കുന്നതിലേക്കായി കുടുംബശ്രീ സമാഹരിച്ച 1.24 കോടി രൂപയുടെ ചെക്ക് ഓഗസ്റ്റ് 27 ചൊവ്വാഴ്ച അർബൻ കോർപ്പറേറ്റീവ് ബാങ്ക് ഹാളിൽ സംഘപ്പിക്കുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവന് കുടുംബശ്രീ ജില്ലാ പ്രധിനിധികൾ കൈമാറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അതിഥിയാകും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സ് ചെയർപേഴ്സൺമാർ, ജില്ലാ മിഷൻ ഭാരവാഹികൾ, സി.ഡി.എസ്സ്. അക്കൗണ്ടന്റ്മാർ എന്നിവർ പങ്കാളികളാകും.