കൊച്ചി: ലൈംഗികാതിക്രമത്തില്‍ നടി മിനു മുനീർ ഏഴ് പേർക്കെതിരെ പരാതി നല്കി. പ്രത്യേക അന്വേഷണ സംഘത്തിന് ഇമെയില്‍ മുഖേനയാണ് പരാതി നല്‍കിയത്. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കണ്‍ട്രോളർമാർക്കെതിരെയും ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയുമാണ് മിനു മുനീർ പരാതി നല്‍കിയത്. അന്വേഷണ സംഘം ഫോണില്‍ സംസാരിച്ചിരുന്നുവെന്നും വിശദമായ മൊഴിയെടുക്കാൻ അവർ സമയം തേടിയിട്ടുണ്ടെന്നും മിനു പറഞ്ഞു.
‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് മിനി പറഞ്ഞു. അപ്രതീക്ഷിതമായി പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ച ശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചത്. സഹകരിച്ചാല്‍ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. കലണ്ടർ സിനിമാ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വെച്ച് മുകേഷ് കടന്നുപിടിച്ചെന്നും മിനി പറഞ്ഞു. താൻ എതിർത്തതിന്റെ പേരില്‍ അമ്മയിലെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി. അമ്മയില്‍ അംഗത്വം ലഭിക്കുന്നതിനായി അപേക്ഷ നല്കാൻ ഇടവേള ബാബു ഫ്ലാറ്റിലേക്ക് വിളിച്ചെന്നും മോശമായി പെരുമാറിയെന്നും മിനു പറഞ്ഞു. മണിയൻപിള്ള രാജു രാത്രി വാതിലില്‍ മുട്ടി. മിനു അഭിനയിച്ച ‘ശുദ്ധരില്‍ ശുദ്ധന്‍’ എന്ന സിനിമയുടെ നിര്‍മാതാവിന് തന്നെ കാഴ്ച വയ്ക്കാന്‍ ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരന് ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നത് എല്ലാം തുറന്നുപറയാൻ ധൈര്യം നല്‍കിയെന്ന് മിനു മുനീർ പറഞ്ഞു.