കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സർക്കാർ സഹായം ആവശ്യപ്പെട്ട് കൂടുതല്‍ ആളുകള്‍. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാതിരുന്ന ദുരിതബാധിതർക്ക് സർക്കാരില്‍ നിന്ന് സഹായം ലഭിക്കുന്നില്ലെന്നാണ് പരാതി. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബന്ധുവീടുകളിലേക്ക് മാറിയവരാണ് പരാതിയുമായി രംഗത്ത് എത്തിയത്.
തകർന്ന കടകള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തത് മൂലം കടയുടമകളും പ്രതിസന്ധിയിലാണ്. ഉരുള്‍ പൊട്ടല്‍ മൂലം സർവവും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്ക് 10000 രൂപയാണ് സർക്കാർ അടിയന്തിര ധനസഹായമായി നല്‍കുന്നത്. ഇതിനു പുറമെ ജീവനോപാധി നഷ്ടമായ കുടുംബത്തിലെ രണ്ടു പേർക്ക് പ്രതി ദിനം മുന്നൂറ് രൂപ വീതവും നല്‍കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍, വീട്ടില്‍ രോഗികളും പ്രായമായവരും ഉള്ളതിനാല്‍ ക്യാമ്പില്‍ പോകാതെ ബന്ധു വീടുകളിലേക്ക് മാറിയവർക്ക് ഇപ്പോള്‍ സർക്കാരില്‍ നിന്നും സഹായമൊന്നും ലഭിക്കുന്നില്ലെന്നാണ് പരാതി. അതുപോലെ ഉരുള്‍പൊട്ടലില്‍ തകർന്ന കടമുറികള്‍ക്കുള്ള നഷ്ടപരിഹാരം ഉടൻ നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഉപജീവന മാർഗം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ നീലിക്കാപ്പ് മേഖലയില്‍ ഉള്‍പ്പെടെ ഉണ്ടെങ്കിലും ഇവർക്കും സഹായം ലഭിക്കുന്നില്ലെന്നാണ് പരാതി.