കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പരിഷ്കാരങ്ങൾക്ക് രൂപം നൽകി പ്രവർത്തിച്ചു വരുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ വേളയിൽ കേരളത്തെ സമ്പൂർണ്ണ ബിരുദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി 28 യുജി/പിജി പ്രോഗ്രാമുകൾക്ക് ഈ അധ്യയന വർഷം അപേക്ഷ ക്ഷണിച്ചു. നിലവിൽ 23 പഠന കേന്ദ്രങ്ങളിലായി 22,000 ത്തോളം പഠിതാക്കൾ പഠിക്കുന്നു.
പ്രായപരിധി ഇല്ലാതെ അർഹരായ എല്ലാവർക്കും പഠിക്കാൻ അവസരം ഒരുക്കുന്നു എന്നുള്ളതാണ് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സ്വീകാര്യത കൂട്ടുന്നത്. വരും വർഷങ്ങളിൽ ഒരു ലക്ഷം പഠിതാക്കളെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയുള്ള ഉന്നത വിദ്യാഭാസം ഉറപ്പു വരുത്തുക അത് വഴി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബും വിജ്ഞാന സമൂഹവുമാക്കി മാറ്റുക എന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുക എന്നിടത്താണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പങ്ക് നിർണായകമാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി എന്നുള്ളത് കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ്. ഈ അധ്യയന വർഷം അപേക്ഷ ക്ഷണിച്ചിരിക്കുന്ന 28 യു.ജി /പി.ജി പ്രോഗ്രാമുകളിൽ 16 യു.ജി പ്രോഗ്രാമുകളും, 12 പി.ജി പ്രോഗ്രാമുകളും ആണുള്ളത്. ഇതിൽ 6 യു.ജി പ്രോഗ്രാമുകൾ ഈ വർഷം മുതൽ നാലുവർഷ ഓണേഴ്സ് ഘടനയിലേക്കു മാറുകയാണ്. ഇന്ത്യയിലെ സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റികളിൽ ആദ്യമായി 4 വർഷ ബിരുദം നടപ്പിലാക്കുന്നത് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയാണ്. നാലു വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് 3 വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടു കൂടി എക്സിറ്റ് ഓപ്ഷൻ നൽകുന്നുണ്ട്.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എല്ലാ യു.ജി/പി.ജി പ്രോഗ്രാമുകളും യു ജി സി / ഡി ഇ ബി യുടെ അംഗീകാരത്തോട് കൂടിയാണ് നടത്തുന്നത്.
ആയതിനാൽ പി എസ് സി/യു പി എസ് സി യുടെ അംഗീകാരം ഈ പ്രോഗ്രാമുകൾക്കുണ്ട്. മറ്റ് എല്ലാ ഉന്നത വിദ്യാഭ്യാസത്തിനും ഓപ്പൺ സർവകലാശാലയുടെ ബിരുദം സ്വീകാര്യമാണ്. അടുത്ത വർഷം എല്ലാ യു.ജി പ്രോഗ്രാമുകളും 4 വർഷ ഘടനയിലേക്ക് മാറും. പുതിയ കാലഘട്ടത്തിന് അനുസരിച്ചു ആവശ്യമായ നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത സ്റ്റിൽ, വ്യവസായ ശാലകളിലെ പരിശീലനം എന്നിവയ്ക്ക് ഊന്നൽ നൽകിയ പരിഷ്കരിച്ച സിലബസ് എല്ലാ പ്രോഗ്രാമുകളുടേയും പ്രതേകതയാണ്. യുജിസി റെഗുലേഷൻസ് 2020 ന്റെ റെഗുലേഷൻ 22 പ്രകാരം റെഗുലർ മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും ഓപ്പൺ & ഡിസ്റ്റൻസ് ഡിസ്റ്റൻസ് മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും തുല്യമാണ്. നിലവിൽ ഒരു അക്കാഡമിക് പ്രോഗ്രാം ചെയ്യുന്നവർക്കും യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേ സമയം പഠിക്കാൻ സാധിക്കും. യുജിസിയുടെ മാനദണ്ഡപ്രകാരമാണ് യൂണിവേഴ്സിറ്റി ഇത്തരത്തിൽ ഡ്യൂവൽ ഡിഗ്രീ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ടിസി നിർബന്ധമല്ല, പ്രായപരിധിയോ, മാർക്ക് മാനദണ്ഡങ്ങളോ യൂണിവേഴ്സിറ്റി നിഷ്കർഷിക്കുന്നില്ല എന്നത് കൊണ്ട് തന്നെ മിനിമം ക്വാളിഫിക്കേഷൻ ഉള്ള എല്ലാവർക്കും പഠനത്തിന് അവസരം ലഭിക്കുന്നു.