തിരുവനന്തപുരം : മലയാള സിനിമയിലെ ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണം അധികാര ശ്രേണിയെന്ന് നടി പത്മപ്രിയ. സിനിമയില്‍ പവർ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രശ്നങ്ങള്‍ പരിശോധിച്ച് ഭാവിയില്‍ ഇതൊന്നുമില്ലാതെ കാര്യക്ഷമമായി മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. സർക്കാർ നാലര വർഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരുന്നത് എന്തിനെന്ന് അറിയില്ല. ഇപ്പോള്‍ പുറത്തുവിട്ടത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമോയെന്നതിലും സംശയങ്ങളുണ്ടെന്നും പത്മപ്രിയ പറഞ്ഞു.
നടിക്കെതിരായ അതിക്രമത്തിന് ശേഷം സിനിമാ മേഖലയിലെ സ്ത്രീകള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞതാണ് ഡബ്ല്യുസിസിയുടെ തുടക്കത്തിലേക്ക് നയിച്ചതെന്നും പത്മപ്രിയ പറഞ്ഞു. ലൈംഗിക അതിക്രമം എന്ന നിലയില്‍ മാത്രമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ഇപ്പോള്‍ നോക്കിക്കാണുന്നത്. എന്നാല്‍ അതിലേക്ക് നയിക്കുന്നത് അധികാര മനോഭാവം മൂലമാണ്. അതിലാണ് മാറ്റം വരേണ്ടത്. തങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് അര മണിക്കൂറില്‍ തന്നെ ഹേമ കമ്മിറ്റി ഉണ്ടാക്കി. എന്നാല്‍ നാല് വർഷം കഴിഞ്ഞാണ് റിപ്പോർട്ട് പുറത്തുവരുന്നത്. ഈ സമയത്ത് ഇത് വന്നിട്ട് എന്താണ് ഗുണം എന്നാണ് ചിന്തിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാവിയില്‍ ഇത് സംഭവിക്കാതിരിക്കാൻ ശ്രമിക്കണം. പ്രത്യേക അന്വേഷണ സംഘം കുറ്റകൃത്യങ്ങള്‍ക്ക് പുറകെയാണ് പോകുന്നത്. ഇനിയും അതിക്രമങ്ങള്‍ നടന്നാല്‍ എന്ത് ചെയ്യും? അതിലാണ് മാറ്റമുണ്ടാകുന്നത്. എന്നാല്‍ അതിലൊരു കൃത്യമായ ഉത്തരം സർക്കാർ നല്‍കുന്നില്ല.
രാഷ്ട്രീയാതീതമായി മുന്നോട്ട് പോകാനുള്ള അവസരമായി ഹേമ കമ്മിറ്റി റിപ്പോർട്ടിനെ നോക്കിക്കാണുകയാണ് വേണ്ടത്. മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും നിലപാടില്‍ നിരാശ തോന്നുന്നുണ്ട്. അവർക്ക് സമൂഹത്തില്‍ വലിയ സ്ഥാനമുണ്ട്. അത് അവർക്ക് ഇനിയെങ്കിലും മനസിലാക്കാൻ കഴിയട്ടെ.
അമ്മ ഭാരവാഹികള്‍ രാജിവെക്കുമെന്ന് പ്രതീക്ഷിച്ചതല്ല. എന്ത് ധാർമികതയുടെ പേരിലാണ് അവരുടെ രാജിയെന്ന് മനസിലാകുന്നില്ല. ഡബ്ല്യുസിസിയെ അമ്മ എങ്ങനെയാണ് നോക്കുന്നതെന്ന് അറിയില്ല. മുഴുവൻ എക്സിക്യുട്ടീവ് കമ്മിറ്റി രാജിവെക്കുമ്ബോള്‍ ഇവർ ആർക്കാണ് രാജി സമർപ്പിക്കുന്നതെന്ന് ചോദ്യമുണ്ട്. ഭാരവാഹികള്‍ ഇല്ലാതെ എങ്ങനെയാണ് ആരാണ് ജനറല്‍ ബോഡി യോഗം വിളിക്കുക? ഇത് തീർത്തും നിരുത്തരവാദപരമായ നിലപാടാണ്. അമ്മയുടെ ഭാഗമാണ് താനും. നട്ടെല്ലിലാത്ത നിലപാടാണ് അമ്മ ഭാരവാഹികളുടേത് എന്ന് തന്നെ പറയേണ്ടി വരും. ആരെല്ലാം നിഷേധിച്ചാലും സിനിമയില്‍ പവർ ഗ്രൂപ്പുണ്ട്. ഒരു പരാതി പറയാൻ മുന്നോട്ട് വരുന്നവർക്ക് അത് പറയാനുള്ള ധൈര്യം ഉണ്ടാകണം. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ലെന്ന് പത്മപ്രിയ വിമർശിച്ചു.