മലപ്പുറം: മഞ്ചേരിയില്‍ ഈർച്ചപ്പൊടി കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന. നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വൻ ശേഖരവുമായി രണ്ടുപേർ പിടിയില്‍. മണ്ണാർക്കാട് സ്വദേശികളായ പെരുംപുടാരി നായാടിക്കുന്ന് ചെറിയാറക്കല്‍ ഫിറോസ് (53), കാഞ്ഞിരം കുറ്റിക്കോടൻ റിയാസ് (39) എന്നിവരെയാണ് മഞ്ചേരി എസ്.ഐ കെ.ആർ. ജസ്റ്റിൻ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2,60,000 നിരോധിത പുകയില ഉല്‍പന്ന പാക്കറ്റുകള്‍ പിടികൂടിയത്. ഇൻസ്‌പെക്ടർ സുനില്‍ പുളിക്കലിന്റെ നിർദേശപ്രകാരം വ്യാഴാഴ്ച രാത്രിയാണ് മഞ്ചേരി പുല്ലൂർ അത്താണിക്കല്‍ വെള്ളപ്പാറക്കുന്നിലെ ഗോഡൗണില്‍ പരിശോധന നടത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പൊലീസ് തടഞ്ഞുവെക്കുകയായിരുന്നു. 59 ചാക്കുകളിലായി 88,500 ഹാൻസ് പാക്കറ്റുകളും മറ്റ് നിരോധിത ലഹരി ഉല്‍പന്നങ്ങളും കണ്ടെടുത്തു. ഗോഡൗണിന്റെ മുറ്റത്ത് നിർത്തിയിട്ട ലോറിയില്‍ 180 ചാക്കുകളിലായാണ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. പിടികൂടിയവയ്ക്ക് പത്തു ലക്ഷത്തിലേറെ രൂപ വില വരും. മൈസൂരുവില്‍ നിന്നാണ് ഇവ കൊണ്ടുവരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈർച്ചപ്പൊടി ഗോഡൗണ്‍ ആരംഭിക്കാനാണ് ഇവർ മുറി വാടകക്ക് എടുത്തിരുന്നത്. മണ്ണാർക്കാട് സ്വദേശികളായ പ്രതികള്‍ താമസവും മഞ്ചേരിയിലായിരുന്നു.
മൈസുരുവില്‍നിന്ന് വലിയ ലോറിയില്‍ ഗോഡൗണിലേക്ക് നിരോധിത പുകയില ഉല്‍പന്നങ്ങളെത്തിച്ച് ചെറുവാഹനങ്ങളില്‍ മലപ്പുറത്തെയും സമീപ ജില്ലകളിലെയും വ്യാപാര സ്ഥാപനങ്ങളിലേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കുകയായിരുന്നു രീതി. ആദ്യമായാണ് പ്രതികള്‍ പിടിയിലാകുന്നത്. ചാക്കുകളില്‍ ഈർച്ചപ്പൊടി നിറച്ച് ലോറിക്കു മുകളില്‍ വെച്ചായിരുന്നു ഇടപാട്. ഇതിന് താഴെ പ്ലാസ്സിക് ചാക്കുകളിലാണ് ലഹരിവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.