അനന്ത്പൂര്‍: ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ദുലീപ് ട്രോഫി ടീമില്‍ വീണ്ടും മാറ്റം വരുത്തി സെലക്ടര്‍മാര്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള താരങ്ങളായ ധ്രുവ് ജുറെലും യാഷ് ദയാലും ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ പകരം റിങ്കു സിംഗിനെയും അക്വിബ് ഖാനെയും അഭിമന്യു ഈശ്വരന് നയിക്കുന്ന ഇന്ത്യ ബി ടീമിലുള്‍പ്പെടുത്തി.
നേരത്തെ അറുപതോളം താരങ്ങളെ ദുലീപ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും റിങ്കുവിനെ തഴഞ്ഞത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. പിന്നീട് യുപി ടി20 ലീഗില്‍ റിങ്കു സജീവമായിരുന്നു. രാജ്യാന്തര തലത്തിലും ഐപിഎല്ലിലും ടി20 ഫോര്‍മാറ്റിലാണ് മികവ് കാട്ടിയതെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും റിങ്കുവിന് മികച്ച റെക്കോര്‍ഡാണുള്ളത്. ഉത്തര്പ്രദേശിനാി 47 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 54.7 ശരാശരിയില്‍ ഏഴ് സെഞ്ചുറിയും 20 അര്‍ധസെഞ്ചുറിയും അടക്കം 3173 റണ്‍സ് റിങ്കു അടിച്ചിട്ടുണ്ട്. 163 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ദുലീപ് ട്രോഫിയില്‍ അഭിമന്യു ഈശ്വരൻ നയിക്കുന്ന ഇന്ത്യ ബി ഐദ്യ മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ നയിച്ച ഇന്ത്യ എയെ 76 റണ്‍സിന് തോല്‍പ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഷീര്‍ ഖാന്റെ സെഞ്ചുറിയാണ്(181) ഇന്ത്യ ബിക്ക് വിജയം സമ്മാനിച്ചത്. റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ഇന്ത്യ സിക്കെതിരെ ഈ മാസം 12നാണ് ഇന്ത്യ ബിയുടെ അടുത്ത മത്സരം. അതിന് മുമ്ബ് റിങ്കു ടീമിനൊപ്പം ചേരും. ബി ടീമിലുണ്ടായിരുന്ന യശസ്വി ജയ്സ്വാള്‍, സർഫറാസ് ഖാൻ, റിഷഭ് പന്ത്, യാഷ് ദയാല്‍ എന്നിവര്‍ ടെസ്റ്റ് ടീമിലിടം നേടിയിട്ടുണ്ട്. ഇന്നലെ അവസാനിച്ച മറ്റൊരു മത്സരത്തില്‍ ഇന്ത്യ ഡിക്കെതിരെ ഇന്ത്യ സി നാലു വിക്കറ്റ് വിജയം നേടിയിരുന്നു.