ഇംഫാൽ : മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു. മെയ്തെയ്- കുക്കി ഏറ്റുമുട്ടല്‍ നടക്കുന്ന ഇംഫാലില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചൈനയുടെയും പാകിസ്ഥാന്റെയും പിന്തുണ അക്രമകാരികള്‍ക്കുണ്ടെന്ന് അസംറൈഫിള്‍സ് മുന്‍ ഡയറക്ടര്‍ ജനറല്‍ ലഫ് ജനറല്‍ ഡോ പിസി നായര്‍ പറഞ്ഞു. മണിപ്പൂരില്‍ സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്.
കാങ്പോക്പി ജില്ലയിലെ താങ് ബൂഹ് ഗ്രാമത്തില്‍ മെയ്തെയ് കുക്കി വിഭാഗങ്ങളുടെ ഏറ്റുമുട്ടലിലാണ് 46കാരി കൊല്ലപ്പെട്ടത്. ഇതോടെ ഒരാഴ്ചക്കുള്ളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. ഇരുവിഭാഗങ്ങളും ബോംബെറിഞ്ഞാണ് ആക്രമിച്ചത്. നിരവധി വീടുകള്‍ക്ക് തീ വച്ചു. ഗ്രാമവാസികള്‍ സമീപമുള്ള വനത്തില്‍ അഭയം തേടിയിരിക്കുകയാണ്. കഴിഞ്ഞ രാത്രി സിപആര്‍പിഎഫും സായുധരായ അക്രമികളും ഏറ്റുമുട്ടി. ചൈനയും പാകിസ്ഥാനുമാണ് അക്രമികള്‍ക്ക് ഇത്തരത്തില്‍ ആയുധവും പണവുമെത്തിക്കുന്നതെന്ന് മണിപ്പൂരിന് സുരക്ഷയൊരുക്കുന്ന അസം റൈഫിള്‍സിന്റെ മുന്‍ ഡിജി വെളിപ്പെടുത്തുന്നു. ഇതോടൊപ്പം വന്‍ ലഹരിമരുന്ന് കടത്തും നടക്കുന്നുണ്ടെന്ന് മണിപ്പൂരില്‍ സേവനമനുഷ്ഠിച്ച ലഫ് ജനറല്‍ പിസി നായര്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം ഘട്ടത്തിലും സമാധാനശ്രമങ്ങള്‍ ഫലം കാണുന്നില്ല. സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് മുന്‍പ് നടത്തിയ നീക്കം പാളിയതെന്നും ലഫ് ജനറല്‍ പിസി നായര്‍ വിശദീകരിച്ചു. സംസ്ഥാനത്തെ സുരക്ഷ ഉപദേഷ്ടാവിനെയും ഡിജിപിയേയും മാറ്റണമെന്നതടക്കം പ്രധാന ആവശ്യങ്ങളുമായി സമരം ചെയ്യുന്ന മെയ്തെയ് അനുകൂല വിദ്യാർത്ഥി സംഘടനയായ ഓള് മണിപ്പൂര്‍ സ്റ്റുഡന്‍സ് യൂണിയന് പ്രശ്ന പരിഹാരത്തിന് സമയപരിധി വച്ചു. വൈകുന്നേരത്തോടെ പരിഹാരമാകുമെന്ന് ഗവര്‍ണ്ണറുടെ ഓഫീസ് അറിയിച്ചതായി പ്രക്ഷോഭകാരികള്‍ പറഞ്ഞു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ ഇംഫാല്‍ ഈസ്റ്റ് വെസ്റ്റ് ജില്ലകളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടുകയായിരുന്നു.