ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പേഴ്‍സണല്‍ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധിപ്പേരെ കബളിപ്പിച്ച അസംഗഡ് സ്വദേശിയായ ഫറൂഖ് അമൻ (26) എന്ന യുവാവിനെയാണ് ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യ സംഘം അറസ്റ്റ് ചെയ്തത്. ഓണ്‍ലൈൻ ചൂതാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച രാത്രിയാണ് ഫറൂഖ് അമൻ പൊലീസിന്റെ പിടിയിലായത്. ഉത്തർപ്രദേശിലെ അസംഗഡ് ജില്ലയിലുള്ള നിസാമാബാദിലെ സഹ്രിയ ഗ്രാമവാസിയാണ് ഇയാള്‍. നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ ഒരു ആസൂത്രിത സംഘത്തിലെ കണ്ണിയാണ് ഈ യുവാവെന്ന് പൊലീസ് പറഞ്ഞു. ആളുകളെ മത്സര പരീക്ഷകളില്‍ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി അവരില്‍ നിന്ന് പണം വാങ്ങിയതിനും ഓണ്‍ലൈൻ ചൂതാട്ടം സംഘടിപ്പിച്ചതിനുമൊക്കെ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് മൊബൈല്‍ ഫോണുകളും ആധാർ കാർഡും നിരവധി രേഖകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായാണ് പൊലീസ് പറയുന്നത്.