കൊൽക്കത്ത : കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്ന് കോടതിയെ അറിയിച്ച് സിബിഐ. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും തെളിവുകള്‍ ശേഖരിക്കുന്നതിലും കാലതാമസം വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ടാള്‍, കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ സന്ദീപ് ഘോഷ് എന്നിവര്‍ക്ക് ഗൂഢാലോചനയില്‍ പങ്ക് ഉണ്ടാകാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
കൊലപാതകവിവരം പുറത്ത് വന്നതിന് ശേഷവും സന്ദീപ് ഘോഷും അഭിജിത്തും പരസ്പരം ബന്ധപ്പെട്ടിരുന്നതായി സിബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം ഏത് രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണം എന്നത് സന്ദീപ് ഘോഷ് അഭിജിത്തിനോട് പറഞ്ഞിരുന്നതായും ഇരുവരുടേയും കസ്റ്റഡി ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് സന്ദീപ് ഘോഷിനേയും അഭിജിത്തിനേയും സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ വാദം അംഗീകരിച്ച കോടതി 17 വരെ ഇരുവരേയും കസ്റ്റഡിയില്‍ വിട്ടു. സന്ദീപിനേയും അഭിജിത്തിനേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് നീക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊലപാതകത്തെ രണ്ട് പേരും നിസാരവത്കരിക്കാന്‍ ശ്രമിച്ചതായാണ് സിബിഐ ആരോപിക്കുന്നത്. കൊലപാതകവിവരം പൊലീസിനെ അറിയിച്ചുവെങ്കിലും അഭിജിത് വളരെ അധികം സമയമെടുത്താണ് സംഭവസ്ഥലത്തേക്ക് എത്തിയത്. അഞ്ച് മിനിറ്റ് മാത്രം ദൂരമേ രണ്ട് സ്ഥലങ്ങളും തമ്മില്‍ ഉള്ളൂ എന്നിരിക്കെയാണ് അസാധാരണാം വിധം അഭിജിത് കോളേജിലേക്ക് താമസിച്ച് എത്തിയത്. ഒരു മണിക്കൂറിലധികം സമയം വൈകിയാണ് ഇദ്ദേഹം കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് എത്തുന്നത്. എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നത് വൈകിപ്പിച്ചതിനും, കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിക്കാന്‍ സന്ദീപ് ഘോഷ് ശ്രമിച്ചതിന് പിന്നിലും ദുരൂഹതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.