കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് വീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി ശാസ്താംകോട്ട പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങി അപകട സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ മനപൂർവമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാർ ഓടിച്ചത് അജ്മലാണെങ്കിലും പരിക്കേറ്റ് കിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതില്‍ ശ്രീക്കുട്ടിയുടെ പ്രേരണ ഉണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് ഇന്ന് പിടികൂടിയത്. ഇന്നലെയാണ് അജ്മല്‍ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ മരിച്ചത്. റോഡില്‍ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. കേസില്‍ അകപ്പെട്ടതോടെ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താല്‍ക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ, അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാര്‍ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അജ്മലും ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നു എന്ന് പരിശോധനാഫലം പുറത്തുവന്നിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ നിന്നും മദ്യപാനം കഴിഞ്ഞ് വരുന്ന സമയത്താണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് വാഹനം മുന്നോട്ടെടുത്ത് പോയതെന്നാണ് ഇവര്‍ പൊലീസിന് നല്കിയ മൊഴി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.