തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ തൃശൂരിനെ തകർത്ത് കൊല്ലം ഫൈനലിൽ. നാളെ വൈകിട്ട് 6.45 ന് നടക്കുന്ന ഫൈനലിൽ കൊല്ലവും കാലിക്കട്ടും കിരീട പോരാട്ടത്തിനായി ഏറ്റുമുട്ടും. രണ്ടാം സെമി ഫൈനിൽ ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 210 റണ്ണാണ് നേടിയത്. മറുപടി ബാറ്റിംങിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടും എട്ട് വിക്കറ്റ് നഷ്ടമാക്കിയ തൃശൂരിന് 194 റൺ മാത്രമാണ് നേടാനായത്.
61 പന്തിൽ ആറു സിക്‌സും 11 ഫോറും പറത്തി 103 റൺ നേടിയ അഭിഷേക് നായരാണ് കൊല്ലത്തിന്റെ നട്ടെല്ലായത്. 49 പന്തിൽ 83 റൺ അടിച്ച ക്യാപ്റ്റൻ സച്ചിൻ ബേബി അഭിഷേകിന് കട്ടയ്ക്ക് കൂട്ടു നിന്നു. അരുൺ പൗലോസ് 15 റണ്ണുമായി പുറത്തായി. രണ്ടാം വിക്കറ്റിൽ 160 റൺ കൂട്ടിച്ചേർത്ത അഭിഷേകും സച്ചിനുമാണ് കൊല്ലത്തെ തീരത്ത് എത്തിച്ചത്. തൃശൂരിന് വേണ്ടി മുഹമ്മദ് ഇഷ്ഹാഖ് മാത്രമാണ് ഒരു വിക്കറ്റ് നേടിയത്. രണ്ടാം വിക്കറ്റായ അഭിഷേക് റണ്ണൗട്ടാകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃശൂരിന് രണ്ട് ഓവറിൽ 40 റണ്ണടിച്ച് വിഷ്ണു വിനോദും (37) ആനന്ദ് സാഗറും (5) മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ കൊല്ലത്തിന്റെ ബൗളർമാർ തൃശൂരിനെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. അക്ഷയ് മനോഹർ (48), വരുൺ നായർ (33), എം.ഡി നിധീഷ് (42) എന്നിവർ പൊരുതി കളിച്ചു നോക്കിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. മൂന്നു വിക്കറ്റ് വീഴ്ത്തിയ ബേസിൽ മൂന്നും , ബിജു നാരായണൻ രണ്ടും, സുധീഷ് മിഥുൻ ഒന്നും, ഷറഫുദീൻ ഒരു വിക്കറ്റും വീഴ്ത്തി.