കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിൽ വർഷങ്ങളായി തകർന്നു കിടന്ന റോഡ് നാട്ടുകാർ ഇടപെട്ട് നന്നാക്കിയതിനു പിന്നാലെ റോഡ് നന്നാക്കിയത് തങ്ങളാണ് എന്ന അവകാശവാദവുമായി പഞ്ചായത്ത് അധികൃതർ രംഗത്ത്. പനച്ചിക്കാട് പഞ്ചയാത്തിൽ നാലാം വാർഡിൽ കൊല്ലാട് തുമ്പയിൽചിറ റോഡാണ് വർഷങ്ങളായി തകർന്നു കിടന്നത്. റോഡിന്റെ ശോചനീയാവസ്ഥ കണ്ട നാട്ടുകാരുടെ വാട്സ്അപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് റോഡ് നന്നാക്കാൻ മുന്നിട്ടിറങ്ങിയത്. പ്രദേശവാസികളായ അഖിൽ ദേവ്, മോൻസി എബ്രഹാം, ഷൈമോൻ കൃഷ്ണവിലാസം, ജോബിൻ ജോൺസൺ, ജസ്റ്റിൻ ജോൺസൺ, ബിനുകുമാർ പാനൂർ എന്നിവർ ചേർന്നാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്.
കൊല്ലാട് പുളിമൂട് ഷാപ്പിനു മുന്നിൽ നിന്നും ആരംഭിക്കുന്ന ഈ റോഡ് തുമ്പിൽചിറയിലാണ് എത്തിച്ചേരുന്നത്. റോഡിന്റെ ഇരുവശങ്ങളിലും പുല്ല് നിറഞ്ഞതോടെ കാൽനടയാത്രക്കാർക്കും, വാഹന യാത്രക്കാർക്കും ഈ റോഡ് ഒരു പോലെ ബുദ്ധിമുട്ടായി മാറിയിരുന്നു. നിരവധി സ്ത്രീകളും കുട്ടികളുമാണ് ദിവസവും ഈ റോഡിലൂടെ യാത്ര ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ഇവർക്ക് കാൽനട പോലും ഇവിടെ സുഗമമായിരുന്നില്ല. ഈ സാഹചര്യത്തിൽ നാട്ടുകാർ പഞ്ചായത്തംഗം ജയന്തി ബിജുവിനും, പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മനും നിരവധി തവണ നിവേദനം അടക്കം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഇവരുടെ ഭാഗത്തു നിന്നും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. വഴി വിളക്കുകൾ തെളിയാത്ത ഈ റോഡിൽ, സാമൂഹിക വിരുദ്ധരുടെയും മദ്യപ സംഘത്തിന്റെയും ശല്യവും അതിരൂക്ഷമാണ്. ഇതേ തുടർന്ന് നാട്ടുകാർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഇതിനിടെയാണ് റോഡ് നവീകരിച്ചത് തങ്ങളാണ് എന്ന അവകാശവാദവുമായി പഞ്ചായത്ത് അധികൃതരും രംഗത്ത് എത്തയതായി നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിൽ അടുത്ത ഞായറാഴ്ച റോഡ് നവീകരണം പൂർത്തിയാക്കാനാണ് നാട്ടുകാർ ആലോചിക്കുന്നത്.