തിരുവനന്തപുരം : സെപ്റ്റംബർ ഒന്നു മുതല്‍ സെപ്റ്റംബർ 14 ഉത്രാട ദിവസം വരെയുള്ള വില്പനയില് വൻ നേട്ടവുമായി സപ്ലൈകോ. ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളില് നിന്ന് 123.56 കോടി രൂപയുടെ വിറ്റു വരവാണ് വകുപ്പിന് ലഭിച്ചത്. ഇതില്‍ 66.83 കോടി രൂപ സബ്സിഡി ഇനങ്ങളുടെ വിറ്റുവരവിലൂടെ നേടിയതാണ്. സബ്സിഡിയിതര ഇനങ്ങളുടെ വിറ്റുവരവില്‍ ലഭിച്ചത് 56.73 കോടി രൂപയാണ്.
സപ്ലൈകോ പെട്രോള്‍ പമ്പുകളിലെയും എല്‍പിജി ഔട്ട്ലെറ്റുകളിലെയും വിറ്റുവരവ് ഉള്‍പ്പെടാതെയുള്ള കണക്കാണിത്. സെപ്റ്റംബർ മാസത്തില്‍ 26.24 ലക്ഷം പേർ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചു. ഇതില്‍ 21.06 ലക്ഷം പേരാണ് അത്തം മുതല്‍ ഉത്രാടം വരെ സപ്ലൈകോ വില്പനശാലകളില് എത്തിയത്. സപ്ലൈകോ 14 ജില്ലാ ഫെയറുകളില്‍ നിന്നും മാത്രം 4.03 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. സബ്സിഡി ഇനത്തില്‍ 2.36 കോടി രൂപയുടെയും സബ്സിഡിയിതര ഇനത്തില്‍ 1.67 കോടി രൂപയുടെയും വിറ്റു വരവുണ്ടായിരുന്നു. ജില്ലാ ഫെയറുകളില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് തിരുവനന്തപുരത്താണ്, 68.01 ലക്ഷം രൂപ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സബ്സിഡി ഇനത്തില്‍ 39.12ലക്ഷം രൂപയുടെയും, സബ്സിഡി ഇതര ഇനത്തില്‍ 28.89 ലക്ഷം രൂപയുടെയും വിറ്റുവരവാണ് തിരുവനന്തപുരം ജില്ലാ ഫെയറില്‍ ഉണ്ടായത് . തൃശൂർ ( 42.29 ലക്ഷം രൂപ) കൊല്ലം (40.95 ലക്ഷം രൂപ), കണ്ണൂർ (39.17 ലക്ഷം രൂപ) ജില്ല ഫെയരുകളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. പാലക്കാട് ജില്ലാ ഫെയറില്‍ 34.10 ലക്ഷം രൂപയുടെയും, കോഴിക്കോട് ജില്ലാ ഫെയറില്‍ 28.68 ലക്ഷം രൂപയുടെയും വിറ്റുവരവുണ്ടായി. ഓണം ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും സെപ്റ്റംബർ 6 മുതല്‍ 14 വരെ, ദിവസവും രണ്ടു മണിക്കൂർ വീതം സപ്ലൈകോ നല്കിയ ഡീപ് ഡിസ്കൗണ്ട് സെയിലിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ സമയത്ത് മാത്രം 1.57 ലക്ഷം ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്.