ബംഗളൂരു: കർണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചില്‍ നാളെ വീണ്ടും തുടങ്ങാൻ കഴിഞ്ഞേക്കും. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴ കടലിനോട് ചേരുന്ന ഭാഗത്തേക്ക് എത്തിക്കുകയാണ് ഇപ്പോള്‍. മഞ്ജുഗുണിയില്‍ അഴിമുഖത്തിന് സമീപത്ത് ഗംഗാവലിയിലെ പുതിയ പാലത്തിന് അടുത്തേക്കാണ് ടഗ് ബോട്ട് എത്തിക്കുന്നത്. നാളെ പുലർച്ചെയോടെ ഡ്രഡ്ജർ ഷിരൂരിലെത്തിക്കാനാണ് ശ്രമം.
ഇന്ന് നാവികസേനയുടെ സംഘം ലോറി ഉണ്ടാകാൻ ഏറ്റവുമധികം സാധ്യതയുള്ള സ്ഥലത്ത് സോണാർ പരിശോധനയും നടത്തും. ഗോവയില്‍ നിന്ന് ഇന്നലെ ഉച്ചയോടെ എത്തിച്ച ഡ്രഡ്ജർ ഇന്നലെ രാത്രി ഒമ്പതരയോടെ ഇന്ധനം നിറച്ച് കാർവാർ തീരത്ത് നിന്ന് ഷിരൂരിലേക്ക് പുറപ്പെട്ടു. ഗംഗാവലിപ്പുഴയില്‍ കടലിനോട് അടുത്ത് കിടക്കുന്ന രണ്ട് പാലങ്ങള്‍ ഇന്ന് വൈകിട്ട് വേലിയിറക്ക സമയത്ത് ജലനിരപ്പ് കുറയുമ്പോഴേ കടക്കാൻ കഴിയൂ. ഇന്ന് വൈകിട്ട് ആറ് മണിയോടെ വേലിയിറക്ക സമയത്ത് ആദ്യത്തെ പാലം കടന്ന് പോകാനാണ് ശ്രമം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനാല്‍ പണി നടക്കുന്ന മഞ്ജുഗുണിയിലെ പുതിയ പാലത്തിനടുത്തേക്ക് രാവിലെ 9 മണിയോടെ ബോട്ട് എത്തിച്ച് വൈകിട്ട് ആറ് മണി വരെ കാത്തിരിക്കും. ഇന്ന് രാത്രി മുഴുവൻ ഗംഗാവലിപ്പുഴയിലൂടെ സഞ്ചരിച്ച് നാളെ പുലർച്ചെയോടെ ടഗ് ബോട്ട് ഷിരൂരില്‍ എത്തുമെന്നാണ് കണക്ക് കൂട്ടല്‍.