സ്പോർട്സ് ഡെസ്ക് : ഇന്ത്യയുടെ ടെസ്റ്റ് സ്‍പെഷ്യലിസ്റ്റുകളായ ചേതേശ്വര്‍ പുജാരയ്ക്കും അജിന്‍ക്യ രഹാനെയ്ക്കും കരിയറിലെ മോശം കാലം. ഫോമിലല്ലാതിരുന്നിട്ടും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇടം ലഭിച്ച ഇരുവര്‍ക്കും അവിടെയും തിളങ്ങാന്‍ കഴിയാതെ വന്നതോടെ വലിയ വിമര്‍ശനങ്ങളായിരുന്നു ഏറ്റുവാങ്ങിയത്.
എന്നാല്‍, ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇരുവര്‍ക്കും തിരിച്ചുവരാനായി ഒരു കടമ്പ മുന്നോട്ടുവെച്ചിരിക്കുകയാണ്. പ്രകടനം മെച്ചപ്പെടുത്തുന്നതിനായി രണ്ട് താരങ്ങളോടും രഞ്ജി ട്രോഫിയില്‍ കളിക്കാനാണ് ഗാംഗുലി നിര്‍ദേശിച്ചിരിക്കുന്നത്. സ്‍പോര്‍ട്സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘രഹാനെയും പുജാരയും മികച്ച താരങ്ങളാണ്. രഞ്ജി ട്രോഫി കളിച്ച് കൂടുതല്‍ റണ്‍സ് നേടി ഇരുവരും തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ അനുഭവസമ്ബത്തുള്ള താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമുണ്ടെന്ന് കരുതുന്നില്ല. രഞ്ജി ട്രോഫി വലിയൊരു ടൂര്‍ണമെന്റാണ്. ഞങ്ങളെല്ലാവരും നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ളതുമാണ്. അതുകൊണ്ട് തന്നെ അവര്‍ രഞ്ജി കളിക്കണം. അവര്‍ നേരത്തെ രഞ്ജി ട്രോഫി കളിച്ചിട്ടുള്ളവരാണ്’. -ഗാംഗുലി പറഞ്ഞു.
രണ്ടുപേരും പരിമിത ഓവര്‍ ടീമിന്റെ ഭാഗമല്ലാത്ത കാലത്ത് രഞ്ജി ട്രോഫി കളിച്ചിട്ടുണ്ടെന്നും, അതുപോലെ ഇപ്പോഴും പോയി മികച്ച പ്രകടനം നടത്തി തിരിച്ചുവരാമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം നടക്കാതിരുന്ന ടൂര്‍ണമെന്റ് വീണ്ടും പുനരാരംഭിക്കാന്‍ പോവുകയാണ്. ആ സാഹചര്യത്തിലാണ് ഗാംഗുലി പുതിയ നിര്‍ദേശവുമായി എത്തുന്നത്.