ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് സുപ്രീംകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര എന്നിവരുടെ ബെഞ്ചാണ് ഉപാധികളോടെ മുൻകൂർ ജാമ്യം നൽകിയത്. നേരത്തെ ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീംകോടതിയിൽ എത്തിയത്. സിദ്ദിഖിന് ജാമ്യം നൽകുന്നതിനെതിരെ അതിജീവിതയുടെയും സംസ്ഥാന സർക്കാരിന്റെയും തടസഹർജിയും കോടതിയിൽ എത്തിയിരുന്നു.
2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയുടെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് യുവനടിയെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു എന്നാണ് കേസ്. കേസിൽ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി ഉത്തരവിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു. പിന്നാലെ എയർപോർട്ടിൽ ഉൾപ്പെടെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.