പി വി അൻവർ കേരളത്തെ വർഗീയമായി വിഭജിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്നു: തോമസ് ഐസക്

പി വി അൻവർ കേരളത്തെ വർഗീയമായി വിഭജിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്നതായി ആരോപണം. പി വി അൻവർക്ക് പിന്നിൽ എസ് ഡി പി ഐയും ജമാ അത്തേ ഇസ്ളാമിയുമെന്ന് സി പി എം നേതാവ് ഡോ തോമസ് ഐസക്. അൻവറിന്റെ പ്രസ്താവനകൾക്കു പിന്നിൽ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ആണെന്നത് കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. തന്റെ വിമർശനങ്ങൾക്ക് മതപരമായ ആഖ്യാനം നൽകാനുള്ള ശ്രമത്തിൽ നിന്നും ഇതു വ്യക്തമാണ്.

Advertisements

അഞ്ചുനേരം നിസ്കരിക്കുന്ന കാലത്തു തന്നെയല്ലേ അൻവർ സിപിഐ(എം) സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചതും കഴിഞ്ഞ എട്ടു വർഷമായി പ്രവർത്തിച്ചുകൊണ്ടിരുന്നതും. ആരെങ്കിലും നിസ്കാരത്തിന് തടസ്സമുണ്ടാക്കിയിട്ടുണ്ടോ? പിന്നെ എന്തേ ഇപ്പോൾ പെട്ടെന്നൊരു ഇരവാദം?
വർഗീയവാദികളുടെ പൊതുശത്രു സിപിഐ(എം) ആണ്. ആർഎസ്എസുമായിട്ടുള്ള ഏറ്റുമുട്ടൽ തലശ്ശേരി കലാപം മുതലുള്ള ചരിത്രമാണ്. ഇരുനൂറിലേറെ സഖാക്കളാണ് അവരുടെ കൊലക്കത്തികൾക്ക് ഇരയായിട്ടുള്ളത്. സിപിഐ(എം)നെ ദുർബലപ്പെടുത്തിക്കൊണ്ടല്ലാതെ കേരളത്തിൽ അവർക്ക് കാലുറപ്പിക്കാൻ കഴിയില്ലായെന്ന് ബിജെപി നേതാക്കൾ തന്നെ തുറന്നു സമ്മതിച്ചിട്ടുള്ള കാര്യമാണ്. ബിജെപിയെ എങ്ങനെ കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കാമെന്ന കാര്യമാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള അവലോകന യോഗങ്ങളിൽ ചർച്ച ചെയ്ത ഏറ്റവും പ്രധാനപ്പെട്ട വിഷയം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജാതി സംഘടനകളെയും ആരാധനാലയങ്ങളെയും കേന്ദ്രീകരിച്ചുള്ള ആർഎസ്എസിന്റെ സോഷ്യൽ എഞ്ചിനീയറിംഗിനെതിരെ ഒരു കർമ്മപരിപാടി തന്നെ തയ്യാറാക്കിയിട്ടുണ്ട്.
അപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും കാര്യമോ? അവരെ അലട്ടുന്നത് ഇസ്ലാമിക തീവ്രവാദ ചിന്താഗതികളെ എതിർക്കുന്ന സിപിഐ(എം)ന് ന്യൂനപക്ഷ സമുദായത്തിൽ വർദ്ധിച്ചുവരുന്ന സ്വാധീനമാണ്. ജമാഅത്തെ ഇസ്ലാമിയുടെയും മറ്റും മതഭ്രാന്തിന് ഇസ്ലാമിക രാഷ്ട്രം ഇന്ത്യയിൽ സ്ഥാപിക്കാനുള്ള എന്തെങ്കിലും കെൽപ്പുള്ളതുകൊണ്ടല്ല സിപിഐ(എം) അവരെ തുറന്ന് എതിർക്കുന്നത്. ഈ മതഭ്രാന്തരെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹൈന്ദവ രാഷ്ട്രം സ്ഥാപിക്കുന്നതിന് പിന്തുണയാർജ്ജിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദ ചിന്താഗതികളെ ഒറ്റപ്പെടുത്തിക്കൊണ്ടല്ലാതെ ഹിന്ദുത്വവാദികളെ തോൽപ്പിക്കാനാവില്ല.
ചരിത്രപരമായ കാരണങ്ങൾകൊണ്ട് ഇസ്ലാം-ക്രൈസ്തവ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ദുർബലമാണ്.

വിമോചനസമരമാണ് ഈ സ്ഥിതിവിശേഷത്തെ അരക്കിട്ടുറപ്പിച്ചത്. അന്ന് മുതൽ ഈ ദുർബലത മറികടക്കുന്നതിന് പരിശ്രമിച്ചുവരികയാണ്. ന്യൂനപക്ഷ അവകാശ സംരക്ഷണം സിപിഐ(എം) നയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. പൗരത്വഭേദഗതി നിയമം, വ്യക്തിനിയമം, ആരാധനാലയ സംരക്ഷണം, ന്യൂനപക്ഷ വേട്ടകൾ, വഖഫ് ബില്ല് എന്നു തുടങ്ങി ഓരോ സന്ദർഭത്തിലും ഇത് വ്യക്തമായിട്ടുള്ളതാണ്.
ഇതോടൊപ്പം മുസ്ലിം സമുദായത്തിലെ തീവ്രവാദബന്ധമില്ലാത്ത എല്ലാ സമുദായ സംഘടനകളോടും നേതാക്കളോടും തുറന്നു സംവദിക്കുന്നതിനും യോജിപ്പിന്റെ മേഖല കണ്ടെത്തുന്നതിന് ശ്രമിച്ചിട്ടുണ്ട്. ഈയൊരു സമീപനത്തിന്റെ ഭാഗമായിട്ടാണ് പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ പൊതുസ്വീകാര്യതയുള്ള മുസ്ലിം സ്വതന്ത്രന്മാരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നിലപാട് കൈക്കൊണ്ടിട്ടുള്ളത്.
ഇതെല്ലാം ഇടതുപക്ഷത്തിന് മുസ്ലിം സമുദായത്തിലുള്ള സ്വാധീനം വർദ്ധിപ്പിക്കുന്ന സ്ഥിതി സൃഷ്ടിച്ചു. ഇത് രാഷ്ട്രീയ പിന്തുണയായി മാറുന്നതിനെ പ്രതിരോധിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും ലക്ഷ്യം. ഇതിനായി ഏതറ്റംവരെ പോകാനും അവർ തയ്യാറാണ്.
ഈ നീക്കത്തിൽ ഒരു കരുവായി അൻവർ മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതുപോലെ അൻവർ പൊലീസിനെക്കുറിച്ച് ഉന്നയിച്ച ആക്ഷേപങ്ങൾ അന്വേഷിച്ചു.

അതിൽ മുൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ള ആക്ഷേപങ്ങളിലും ആവശ്യമായ നടപടി സ്വീകരിക്കും. പക്ഷേ, ഇതൊന്നും ഏറ്റവും വൃത്തികെട്ട ഭാഷയിൽ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതിനും ആക്ഷേപിക്കുന്നതിനും അൻവറിനു തടസ്സമല്ല. മുഖ്യമന്ത്രിയുടെയും പാർടിയുടെയും വിശ്വാസ്യത തകർക്കുകയാണ് ലക്ഷ്യം. അൻവറിന് താൻ ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞാൽ അപ്പോൾ തന്നെ നടപടി സ്വീകരിച്ചിരിക്കണം. അല്ലെങ്കിൽ അത് ബിജെപി അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കലാണ്. സ്വർണ്ണ കള്ളകടത്തുകാരെ സഹായിക്കുന്ന പൊലീസ് എന്നാണ് ആക്ഷേപം. അതിനു മറുപടിയായി കേരള പൊലീസ് പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ കണക്ക് പറഞ്ഞാൽ അത് മലപ്പുറം ജില്ലയെ ആക്ഷേപിക്കലായി. മുഖ്യമന്ത്രി തന്നെ ഇതു സംബന്ധിച്ച നിലപാട് കൃത്യമായി വിശദീകരിച്ചു കഴിഞ്ഞു. മലപ്പുറം ജില്ലയിൽ അനാവശ്യമായ കേസുകൾ ചാർജ്ജ് ചെയ്ത് ജില്ലയെ സംബന്ധിച്ച ആർഎസ്എസ് ആഖ്യാനത്തെ ശരിവയ്ക്കുന്നുവെന്നാണ് മറ്റൊരു ആക്ഷേപം.

ഇന്ന് ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ ജില്ല തിരിച്ച് കേസുകളുടെ നിജസ്ഥിതി വെളിപ്പെടുത്തിയിട്ടുണ്ട്. ക്രൈം റേറ്റിൽ മലപ്പുറം ജില്ലയ്ക്ക് നാലാംസ്ഥാനമേയുള്ളൂ.
സിപിഐ(എം)ന് സുചിന്തിതമായിട്ടുള്ള നയസമീപനമാണ് ആർഎസ്എസിന്റെ ഹിന്ദുത്വ തീവ്രവാദത്തോടും ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക തീവ്രവാദത്തോടും ഉള്ളത്. പലസ്തീൻ ജനതയുടെ ദേശീയ വിമോചനത്തിന്റെ നിലപാട് മഹാത്മാഗാന്ധി അടക്കമുള്ളവർ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി സ്വീകരിച്ചിട്ടുള്ളതാണ്. പലസ്തീൻ രാഷ്ട്രമെന്ന സങ്കല്പത്തെ ഐക്യരാഷ്ട്രസഭ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. ഇസ്ലാമിനെയും ക്രിസ്ത്യാനിയേയും പോലെ തന്നെ കമ്മ്യൂണിസ്റ്റുകാരുമാണ് ഹിന്ദു രാഷ്ട്രത്തിന്റെ ശത്രുക്കളെന്നതാണ് ആർഎസ്എസിന്റെ പ്രമാണം. അതുകൊണ്ട് സിപിഐ(എം) ന്യൂനപക്ഷ സംരക്ഷണം മുറുകെപ്പിടിക്കും. ഈ തത്വാധിഷ്ഠിത നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് വ്യാജപ്രചാരണങ്ങളെ എതിർത്തു തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles