ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ജസ്പ്രിത് ബുമ്ര. ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിനെ പിന്തള്ളിയാണ് ബുമ്ര ഒന്നാമതെത്തുന്നത്. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുത്ത പ്രകടനമാണ് ബുമ്രയെ തുണച്ചത്. മത്സരങ്ങളില്‍ 11 വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. അശ്വിനും 11 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് അശ്വിന്.
അതേസമയം, ബാറ്റര്‍മാരുടെ റാങ്കിംഗില്‍ യശസ്വി ജയ്സ്വാള്‍ മൂന്നാം സ്ഥാനത്തെത്തി. രണ്ട് സ്ഥാനങ്ങളാണ് ജയ്സ്വാള്‍ മെച്ചപ്പെടുത്തിയത്. രണ്ട് ടെസ്റ്റില്‍ നിന്ന് 189 റണ്‍സാണ് ജയ്സ്വാളിന്റെ സമ്പാദ്യം. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വിരാട് കോലി ആറാമതായത്. രണ്ട് മത്സരങ്ങളില്‍ 99 റണ്‍സാണ് കോലി നേടിയിരുന്നത്. അതേസമയം, മൂന്ന് സ്ഥാനം നഷ്ടമായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഒമ്പതാം സ്ഥാനത്തേക്കിറങ്ങി. രോഹിത് ശര്‍മ 15-ാം സ്ഥാനത്തും ശുഭ്മാന്‍ ഗില്‍ 16-ാം സ്ഥാനത്തുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. സ്റ്റീവ് സ്മിത്ത് ജയ്സ്വാളിന് പിന്നില്‍ നാലാം സ്ഥാനത്താണ്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഓസീസ് ഓപ്പണര്‍ ഉസ്മാന് ഖവാജ, കോലിക്ക് മുന്നില്‍ അഞ്ചാം സ്ഥാനത്താണ്. പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന്, ഓസീസ് താരം മര്‍നസ് ലബുഷെയ്ന് എന്നിവര്‍ യഥാക്രമം ഏഴും എട്ടും സ്ഥാനത്ത്. ഡാരില്‍ മിച്ചലാണ് പത്താമത്. ശ്രീലങ്കന്‍ റണ്‍മെഷീന്‍ കാമിന്ദു മെന്‍ഡിസ് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11-ാമതെത്തി.
ബൗളര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ആരാം സ്ഥാനത്താണ് അദ്ദേഹം. ഓസീസ് താരം ജോഷ് ഹേസല്‍വുഡ്, അശ്വിന് പിന്നില്‍ മൂന്നാമതുണ്ട്. പാറ്റ് കമ്മിന്‍സ്, കഗിസോ റബാദ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. നതാന്‍ ലിയോണ്‍ (ഓസ്ട്രേലിയ), പ്രഭാത് ജയസൂര്യ (ശ്രീലങ്ക), കെയ്ല്‍ ജെയ്മിസണ്‍ (ന്യൂസിലന്‍ഡ്), ഷഹീന് അഫ്രീദി (പാകിസ്ഥാന്) എന്നിവര്‍ യ്ഥാക്രമം പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാമത് തുടരുന്നു. അശ്വിന് രണ്ടാം സ്ഥാനത്ത്.