നായകനേക്കാൾ അതിഭീകര ബിൽഡപ്പ്..! ശുദ്ധനായ നായകനു മുന്നിൽ ക്രൂരനായ വില്ലൻ; ലോഹിത ദാസിന്റെ തൂലികയിൽ വിരിഞ്ഞ ‘ക്രൂരനായ ഗുണ്ട’ കഥാവശേഷനാകുമ്പോൾ; കീരിക്കാടനെന്ന പേരിനൊപ്പം അനശ്വരനായി മോഹൻ രാജും

കോട്ടയം: നായകനേക്കാൾ അതിഭീകര ബിൽഡ് അപ്പ് ലഭിച്ച വില്ലനോ…! നായകന്മാർക്ക് ഒന്നും രണ്ടും ഇൻട്രോയും വൻ ബിൽഡപ്പും ലഭിക്കുന്ന കാലത്ത് ഒരു സിനിമയുടെ ഇൻട്രോ നിറയെ വില്ലന് ബിൽഡപ്പ്. അതും പൊലീസുകാർ മുതൽ നാട്ടിലെ പട്ടിയും പൂച്ചയും വരെ വില്ലന് ബിൽഡപ്പ് കൊടുക്കുന്നു. ഇൻട്രോയും അതി ഭീകരം. ലോഹിതദാസും സിബിമലയിലും ചേർന്ന് സേതുവിനായി എഴുതിച്ചേർത്ത കഥയിൽ പക്ഷേ, അതിജീവിച്ചത് കൊല്ലപ്പെട്ടിട്ടും തിരശീലയ്ക്കു വെളിയിലേയ്ക്കു പടർന്ന കീരിക്കാടനായിരുന്നു.

Advertisements

എം.എൽ.എയും മകന്റെ കാർ പാർക്കിംങിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ അച്യുതൻ നായർ രാമപുരത്തേയ്ക്കു പോകാൻ തയ്യാറെടുക്കുമ്പോൾ തുടങ്ങുന്നു രാമപുരത്തെയും അവിടെയുള്ള കെ.ഡികളെയും പറ്റിയുള്ള വിശേഷണം. അച്യുതൻനായർക്കൊപ്പം പ്രേക്ഷകരും സ്റ്റേഷനിൽ ചെന്നു കയറുമ്പോൾ തന്നെ എ.എസ്.ഐയ്ക്കു വരുന്ന ഫോൺ കോളിലുണ്ട് എന്താണ് രാമപുരത്തെ സ്ഥിതി എന്നത്. ഹെഡ് കോൺസ്റ്റബിൾ ഹമീദ് കീരിക്കാടനെന്ന പേര് മുഴുമിക്കാതെ നിർത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്റ്റേഷനിലെത്തിയ അച്യുതൻ നായർക്ക് എ.എസ്.ഐ ഗോപാലകൃഷ്ണൻ വക ആദ്യ ഉപദേശം ഇങ്ങനെ..
കീരിക്കാടൻ ജോസ് എന്ന കേട്ടിട്ടുണ്ടോ…
ഇല്ല..
സാവകാശം എല്ലാരെയും പരിചയപ്പെടാം…
സ്റ്റേഷനുള്ളിലേയ്ക്കു കയറിയെത്തുന്ന അച്യുതൻനായർ ആദ്യം കാണുന്നത് വാണ്ടഡ് പ്രതികളുടെ പട്ടികയാണ്. അതിൽ ചിത്രമില്ലാതെ ഒരു പേരു മാത്രം….
ജോസ് (കീരിക്കാടൻ ജോസ് -32)
ഇതിനുള്ള ഹെഡ് കോൺസ്റ്റബിൾ ഹമീദിന്റെ മറുപടി ഇങ്ങനെ….
ജോസിന്റെ പടം ഒട്ടിക്കാൻ സമ്മതിക്കില്ല.
മൂപ്പര് നേരിട്ട് വന്ന് കീറിക്കളയും
രണ്ട് മൂന്ന് കൊലക്കേസിൽ ശിക്ഷിച്ചിട്ടുള്ളതാണ്.
നല്ല കാശുകാരും അന്തസുള്ള കുടുംബക്കാരുമാണ്..

പൊലീസുകാരൻ പോലും കീരിക്കാടൻ എന്ന പേരിന് കൊടുക്കുന്ന ബഹുമാനവും, ഭയവും പ്രേക്ഷകനിലേയ്ക്കു പകർന്നു നൽകുകയാണ് തിരക്കഥാകൃത്ത്. ആരാണ് കീരിക്കാടൻ എന്ന ആകാംഷ ആ പേര് കേൾക്കുന്ന ആദ്യ സീനിൽ തന്നെ പ്രേക്ഷകനിലേയ്ക്ക് പകർന്നു നൽകുകയാണ്. ഓരോ സീനിലും ജോസിന്റെ ബിൽഡപ്പുകളാണ്.

മാർക്കറ്റിലേയ്ക്കു കീരിക്കാടന്റെ ഗുണ്ടകൾ എത്തുമ്പോൾ കാറിനുള്ളിൽ ഒരു കൈ കാണാം. അത് ജോസിന്റെ കൈ തന്നെയാണ്. പക്ഷേ, പ്രേക്ഷകന് അപ്പോഴും ആരാണ് ജോസെന്ന് വ്യക്തമല്ല. മാർക്കറ്റിലെ അടിയേപ്പറ്റി കൂട്ടുകാർ വിശദീകരിക്കുമ്പോഴാണ് ജോസ് എന്ന പേര് ആദ്യമായി സേതു കേൾക്കുന്നത്.
ജോസിന്റെ കയ്യൊക്കെ ഇരുമ്പ് പോലെയാണ് എന്ന് കൂട്ടുകാരൻ പറയുമ്പോൾ സേതുവിന്റെ മുഖത് അത്ഭുതം കാണാം.

ആദ്യ പകുതിയിലേയ്ക്ക് അടുക്കുമ്പോവാണ് ആദ്യം പേരല്ലാതെ ജോസ് സീനിലേയ്ക്കു വരുന്നത്. തന്റെ ഗുണ്ടകളെ അടിച്ചു വീഴ്ത്തുന്ന അച്യുതൻ നായരുടെ പുറത്ത് വന്ന് പതിക്കുന്ന കയ്യിലൂടെയാണ് ജോസിന്റെ മുഖം ആദ്യമായി സ്‌ക്രീനിൽ വരുന്നത്. അപ്പോഴും, പ്രക്ഷകനും അച്യുതൻനായർക്കും സേതുവിനും അറിയില്ല തങ്ങൾ തല്ലുന്നത് ജോസിനെയാണ് എന്ന്. പക്ഷേ, അടികൊണ്ട് ജോസ് താഴെ വീഴുമ്പോൾ കീരിക്കാടൻ ജോസ് ചത്തേ എന്ന് ഹൈദ്രോസ് വിളിച്ചു പറയുന്നതോടെയാണ് അടികൊണ്ടു വീണു കിടക്കുന്നത് ജോസാണ് എന്ന് അച്ഛനും മകനും അറിയുന്നത്..!!

സേതുമാധവൻ കൈ തല്ലിയൊടിച്ച ഗുണ്ടയെ ആശുപത്രിയിൽ എത്തി കണ്ട ശേഷം എസ്.ഐ പുറത്തേയ്ക്ക് ഇറങ്ങി വരുമ്പോൾ വരാന്തയിലൂടെ ജോസ് നടന്നു വരുന്ന ഒരൊറ്റ സീൻ… ആദ്യമായി ജോസിന് ഡയലോഗുള്ള സീൻ.. ആ സീൻ മതി ആരാണ് ജോസ് എന്നറിയാൻ…

നമ്മളെ അറിയില്ലേ സാറേ..
പിന്നെന്താ വിലവയ്ക്കാതെ പോകുന്നത്…

ജോസ് ചാവുമെന്ന് കരുതിയല്ലേ. വരുന്ന വഴിയാ. മുറിച്ചിട്ടാ മുറി കൂടണ സൈസാ.. മൂന്നു മാസം ആശുപത്രിയിൽ കിടന്നപ്പോൾ പത്തു കിലോ കൂടി.
കഴിഞ്ഞില്ല.. ഇവന്റെ കൈയ്യൊടിച്ചൊരു പോക്കിറിയെ നിങ്ങൾ കൊണ്ടു നടക്കുന്നില്ലേ…
സേതുമാധവൻ..
അവനെ ഞാൻ നുറുക്കും…
കൈ രണ്ടും ഇവന്…
ശരീരം പോലീസുകാരൻ തന്തയ്ക്ക്
തല നിങ്ങളുടെ ക്വാർട്ടേഴ്‌സിൽ അയച്ചു നൽകും..
എന്നിട്ട് തനിക്ക് ജോസിനെ കോടതിയിൽ കയറ്റി ഉണ്ടാക്കാമോ എന്നു നോക്ക്…

അതേ, ലോഹിയും സംഘവും പകർന്നു നൽകി കീരിക്കാടൻ എന്ന വില്ലനിസത്തിന്റെ മൂർത്തി അരങ്ങൊഴിയുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ നായകനോളം പേര് നെറ്റിപ്പട്ടം പോലെ തലയിൽ ചാർത്തിയ ജോസിനെ അനശ്വരനായ മോഹൻ രാജും ഒടുവിൽ വിടവാങ്ങുന്നു. വില്ലന്റെ പേരിനെ വെള്ളിത്തിരയിൽ അവശേഷിപ്പിച്ച്..!!

Hot Topics

Related Articles