കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബം നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് ലോറി ഉടമ മനാഫ്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞു. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും മനാഫ് പ്രതികരിച്ചു. യൂട്യൂബ് ചാനല്‍ എല്ലാവർക്കും പരിശോധിക്കാം. ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. സങ്കടമുണ്ടെന്നും വലിയ മാനസിക സംഘർഷത്തിലാണെന്നും മനാഫ് കൂട്ടിച്ചേർത്തു.
സൈബർ ആക്രമണത്തിനെതിരെ അർജുന്റെ കുടുംബം നല്കിയ പരാതിയില്‍ മനാഫാഫിനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പ്രതികരണം. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടത്തിയതിനുള്ള വകുപ്പ് ചുമത്തിയാണ് ലോറി ഉടമ മനാഫ് അടക്കമുള്ളവരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. കുടുബത്തിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. സോഷ്യല്‍ മീഡിയ പേജുകളും പരിശോധിക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ ഇന്നലെയാണ് അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നല്‍കിയത്. സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത് എന്നാണ് കുടുംബം നല്കിയ പരാതിയില്‍ പറയുന്നത്. ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു . മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.