ആലപ്പുഴ: ആലപ്പുഴയില്‍ തീരത്തടിഞ്ഞ ചത്ത ഭീമൻ തിമിംഗലത്തിന്റെ ജഡം മറവ് ചെയ്യാൻ ചെലവായത് നാല് ലക്ഷം രൂപ. കടുത്തുരുത്തിയില്‍ നിന്നുള്ള സംഘമാണ് തിമിംഗലത്തെ സംസ്കരിച്ചത്. 35,000 മുതല്‍ 40, 000 കിലോയോളം ഭാരമുള്ള നീല തിമിംഗലത്തിന്റെ ജഡം മൂന്ന് ഭാഗങ്ങളാക്കി മുറിച്ച് അതില്‍ ഒരുഭാഗം അർത്തുങ്കല്‍ ഹാർബറില്‍ കുഴിച്ചിടുകയും ബാക്കി രണ്ട് ഭാഗങ്ങള്‍ ദഹിപ്പിക്കുകയുമായിരുന്നു.
കടുത്തുരുത്തി സ്വദേശി പി ജി ഗിരീഷിന്റെ നേതൃത്വത്തിലുള്ള മോഡേണ്‍ ഗ്രൂപ്പാണ് രണ്ട് ഭാഗങ്ങള്‍ ദഹിപ്പിച്ചത്. ഇതിന് രണ്ടു ദിവസമെടുത്തു. 30 ടണ്‍ വിറക്, 15 കുറ്റി പാചക വാതകം, മൂന്ന് ടണ്‍ ചിരട്ട എന്നിവ ഉപയോഗിച്ചാണ് ചിത ഒരുക്കിയത്. വയനാട് ദുരന്തത്തിലും ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം മൊബൈല്‍ മോർച്ചറിയും ദഹന സംവിധാനങ്ങളുമായി ദിവസങ്ങളോളം ജോലി ചെയ്തിരുന്നു. പക്ഷിപ്പനി കാലത്തും പക്ഷികളെ ദഹിപ്പിക്കാനും ഗിരീഷിന്റെ സേവനം ആലപ്പുഴയിലെ ഉദ്യോഗസ്ഥർ തേടിയിരുന്നു. തിമിംഗലത്തെ ദഹിപ്പിക്കാൻ 10 ഓളം തൊഴിലാളികളാണ് ഗിരീഷിനൊപ്പം ആലപ്പുഴയില്‍ എത്തിയത്. നാല് ലക്ഷം രൂപയാണ് ചെലവായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ 30ന് വൈകിട്ടാണ് നീല തിമിംഗലത്തിന്റെ ജഡം ഒറ്റമശേരി കടല്‍ത്തീരത്തു അടിഞ്ഞത്. 20 ടണ്ണിന്റെ രണ്ട് ക്രെയിനുകള്‍ എത്തിച്ചാണ് തിമിംഗലത്തെ കരയ്ക്ക് എത്തിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോട്ടില്‍ തിമിംഗത്തിന്റെ മരണകാരണം ശ്വാസതടസമാണെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. തിമിംഗലം, ഡോള്‍ഫിൻ പോലുള്ള ജലത്തിലെ സസ്തനികള്‍ വെള്ളത്തിനടിയില്‍നിന്നു കൂടെ കൂടെ പൊങ്ങി വന്നു വായു വലിച്ചെടുത്താണു ശ്വസിക്കുന്നത്. തലയ്ക്കു മുകളിലെ ബ്ലൂ ഹോള്‍ വഴിയാണ് ഇവ വായു വലിച്ചെടുക്കുന്നതും ശ്വസിക്കുന്നതും. ഈ ശ്വസനത്തിന് എന്തെങ്കിലും തടസം സംഭവിച്ചാല്‍ അത് മരണത്തിലേക്ക് നയിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.