ദുബായ്: വനിതാ ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാന് എതിരെ ഇന്ത്യയ്ക്ക് ഉജ്വല വിജയം. ആറു വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ പാക്കിസ്ഥാനെ തകർത്തത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോടേറ്റ തോൽവിയിൽ പതറിയ ടീം ഇന്ത്യയ്ക്ക് ഇരട്ടിമധുരമായി പാക്കിസ്ഥാനോടുള്ള വിജയം.
സ്കോർ
പാക്കിസ്ഥാൻ – 105/8
ഇന്ത്യ – 108/4
ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. മുബീന അലി (17), നിദ ധർ (28) , ഫാത്തിമ സന (13), സയിദ (14) എന്നിവർ മാത്രമാണ് പാക്കിസ്ഥാൻ നിരയിൽ ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്തത്. നാല് ഓവറിൽ 19 റൺ വഴങ്ങി അരുദ്ധതി റെഡ്ഡി ഇന്ത്യയ്ക്ക് വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തി. ശ്രേയ പട്ടേൽ രണ്ടും മലയാളി താരം ആശാ ശോഭന , രേണുക സിംങ്, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരുതിത്തുടങ്ങിയ ഇന്ത്യയ്ക്ക് 18 റണ്ണിൽ ഓപ്പണർമാരിൽ ഒരാളെ നഷ്ടമായി. ഏഴു റണ്ണുമായി സ്മൃതി മന്ദാനയാണ് തിരികെ നടന്നത്. പിന്നീട് ഷഫാലി വർമ്മയും (32), ജെമീമ റോഡ്രിഗ്രസും (23) ചേർന്ന് കാര്യമായ നാശ നഷ്ടങ്ങളില്ലാതെ സ്കോർ മുന്നോട്ട് കൊണ്ടു പോയി. 61 ൽ ഷെഫാലിയും 80 ൽ തന്നെ ജമീമയും റിച്ചയും (0) വീണെങ്കിലും കാര്യമായ അപകടമില്ലാതെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (29) ടീമിനെ അവസാനത്തിലേയ്ക്ക് എത്തിച്ചു. വിജയിക്കാൻ രണ്ട് റൺ കൂടി വേണ്ടപ്പോൾ പരിക്കേറ്റ് ഹർമ്മൻ പ്രീത് പുറത്ത് പോയെങ്കിലും ദീപ്തി ശർമ്മയും (7), സജനയും (4) ചേർന്ന് ഇന്ത്യയെ വിജയിപ്പിച്ചു.