കോഴിക്കോട്: തിരക്കേറിയ റോഡില്‍ കാല്‍നട യാത്രക്കാർക്കുള്ള സീബ്രാ ക്രോസിങിലൂടെ റോഡ് മുറിച്ചുകടക്കുകയിരുന്ന വീട്ടമ്മയെ ബൈക്ക് ഇടിച്ചുവീഴ്ത്തി. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ബാലുശ്ശേരി – താമരശേരി റോഡില്‍ എകരൂല്‍ അങ്ങാടിയില്‍ കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്.
എകരൂല്‍ പാറക്കല്‍ കമലയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എകരൂല്‍ അങ്ങാടിയില്‍ വെച്ച് റോഡിന്റെ ഇരുവശത്തേക്കും നോക്കിയ ശേഷമാണ് സീബ്രാ ലൈനില്‍ കൂടി കമല റോഡ് മുറിച്ചുകടക്കാൻ തുടങ്ങിയത്. റോഡിന്റെ മദ്ധ്യ ഭാഗത്ത് എത്തിയപ്പോള്‍ ഒരു ഓട്ടോറിക്ഷയും ഏതാനും ബൈക്കുകളും വന്നു. ഒരു വാഹനവും കാല്‍നട യാത്രക്കാരിയെ കണ്ട് വേഗത കുറയ്ക്കാനോ നിർത്താനോ തയ്യാറായില്ലെന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു ബൈക്കും ഓട്ടോറിക്ഷയും കടന്നുപോയ ശേഷം ഓട്ടോറിക്ഷയുടെ മറുവശത്തുകൂടി വന്ന ബൈക്കാണ് കമലയെ റോഡിന്റെ മദ്ധ്യഭാഗത്തു വെച്ച് ഇടിച്ചിട്ടത്. കമല റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ നാട്ടുകാരും സമീപത്തെ കടകളിലുണ്ടായിരുന്നവരും ഓടിയെത്തി. ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കളും വാഹനം റോഡിന്റെ വശത്ത് നിർത്തിയ ശേഷം ഓടിയെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അപകടത്തില്‍ കമലയുടെ വാരിയെല്ലിനും, തലക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.